കാസർകോട് ഷിറിയയിൽ ദേശീയപാത നിർമ്മാണം കാരണം വീട്ടിലേക്കുള്ള റോഡ് തകർന്നതോടെ ദുരിതത്തിലായ ഭിന്നശേഷിക്കാരൻ മുഹമ്മദിന് മുമ്പിൽ വഴങ്ങി നിർമ്മാണ കമ്പനിയായ ഊരാളുങ്കൽ . വീട്ടിലേക്കുള്ള വഴി കമ്പനി നികത്തി നൽകി. മനോരമ ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. നേരത്തെ തൊടു ന്യായങ്ങൾ നിരത്തി കുടുംബത്തിൻറെ ആവശ്യം കമ്പനി പരിഗണിച്ചിരുന്നില്ല.
ദേശീയപാതയിൽ ഷിറിയ പാലത്തിനടുത്താണ് മുഹമ്മദിൻറെ വീട്. ജന്മനാ ഭിന്നശേഷിക്കാരൻ ആയ മുഹമ്മദിന് പക്ഷാഘാതം വന്നതോടെയാണ് നടക്കാൻ പോലും ബുദ്ധിമുട്ടായത്. വീട്ടിലേക്ക് വരാനുള്ള ആകെയുള്ള റോഡ് ദേശീയപാത നിർമ്മാണം വന്നപ്പോൾ ഇല്ലാതായി. പിന്നീട് മുഹമ്മദിനെ ചുമന്ന് കൊണ്ടുപോകേണ്ട അവസ്ഥയായിരുന്നു
നിർമ്മാണ കമ്പനിക്കും പഞ്ചായത്തിനും കലക്ടർക്കും എല്ലാം പരാതി നൽകിയിട്ടും മുഹമ്മദ് ദുരിതത്തിന് അറുതി ഉണ്ടായില്ല. കമ്പനിയുടെ പിടിവാശി കാരണം ഓഫീസിനു മുന്നിൽ കുടുംബം സമരം ഇരിക്കേണ്ടി വന്നു. മുഹമ്മദിനോടുള്ള ക്രൂരത മനോരമ ന്യൂസ് പുറത്ത് എത്തിച്ചതോടെ ജില്ലാ കളക്ടർ റിപ്പോർട്ട് തേടിയെങ്കിലും നിർമ്മാണ കമ്പനി തൊടുന്യായങ്ങൾ നിരത്തുകയായിരുന്നു.. ഒടുവിൽ ഇതേ കമ്പനിക്ക് തന്നെ മുഹമ്മദ് മുന്നിൽ വഴങ്ങേണ്ടിവന്നു.