കാസർകോട് മഞ്ചേശ്വരത്ത് ഏറെനാൾ കാത്തിരുന്ന് ടാറിങ് പൂർത്തിയാക്കിയ റോഡ് ഒരു വർഷത്തിനുള്ളിൽ തകർന്നു. 5.24 കോടി രൂപ ചെലവഴിച്ച നിർമ്മിച്ച റോഡിന്റെ വശങ്ങളാണ് ഇടിഞ്ഞ് താഴുന്നത്. മൂന്നുവർഷത്തേക്ക് പരിപാലന ചുമതലയുള്ള കരാറുകാരൻ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് ആരോപണം.
മഞ്ചേശ്വരം മണ്ഡലത്തിലേക്കുള്ള പ്രധാന വഴികളിൽ ഒന്നാണ് ഗോവിന്ദ പൈ - കെദമ്പാടി റോഡ്. ഏറെ നാളത്തെ പരാതികൾക്ക് ഒടുവിൽ റോഡ് ടാറിങ് പൂർത്തിയായിട്ട് ഒരു വർഷം തികയുന്നില്ല. ഇതിനോടകം വശങ്ങൾ തകർന്നു തുടങ്ങി. 5.24 കോടി രൂപ ചെലവഴിച്ചാണ് റോഡിൽ ടാറിങ് നടത്തിയത്. വശങ്ങൾ തകർന്നിട്ടും കരാറുകാരൻ തിരിഞ്ഞു നോക്കാതെ വന്നതോടെയാണ് നാട്ടുകാർ ആശങ്കയിലായത്.
ടാറിങ് നടക്കുന്ന കാലത്ത് വശങ്ങൾ തകരുമെന്ന് നാട്ടുകാർ അറിയിച്ചപ്പോൾ കോൺക്രീറ്റ് ചെയ്യുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ പിന്നീട് അത് ഉണ്ടായില്ല. ഇതുമൂലമാണ് റോഡിൻറെ വശങ്ങൾ തകരുന്നത്. കരാർ വ്യവസ്ഥ പ്രകാരം മൂന്ന് വർഷത്തേക്ക് കരാറുകാരന് പരിപാലന ചുമതലയുണ്ട്. ടാറിങ്ങിന്റെ ഗുണനിലവാരത്തിലും നാട്ടുകാർക്ക് പരാതിയുണ്ട്. വിഷയത്തിൽ പരിശോധന നടത്തി റോഡ് തകരുന്നത് തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.