ഒരേ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്ത ഉദ്യോഗസ്ഥർ വിരമിച്ച ശേഷം ഒരേ വാർഡിൽ മത്സരത്തിന് എത്തിയാൽ എങ്ങനെയിരിക്കും. കാസർകോട് നീലേശ്വരം നഗരസഭയിലാണ് രണ്ട് റിട്ടയേഡ് എസ്.ഐമാർ പോരാട്ടത്തിന് ഇറങ്ങുന്നത്. കടുത്ത മത്സരം എങ്കിലും സൗഹൃദത്തിന് നോ കോംപ്രമൈസ് എന്നാണ് ഇരുവരും പറയുന്നത്.
നീലേശ്വരം നഗരസഭ കൊട്രച്ചാൽ വാർഡിൽ ഒരുഭാഗത്ത് യുഡിഎഫ് സ്ഥാനാർത്ഥി റിട്ടയേഡ് എസ്.ഐ രവീന്ദ്രൻ കൊക്കോട്ട്, മറുഭാഗത്ത് എൽഡിഎഫ് സ്ഥാനാർഥി റിട്ടേഡ് എസ്.ഐ പി.വി സതീശൻ. രണ്ടുപേരും റിട്ടയേർഡ് എസ്ഐമാർ ആണെന്നതിനപ്പുറം, ഒരുമിച്ച് ജോലി ചെയ്ത സഹപ്രവർത്തകർ കൂടിയാണ് എന്നതാണ് ഈ മത്സരത്തെ വ്യത്യസ്തമാക്കുന്നത്. ജില്ലയിലെ ആദൂർ പോലീസ് സ്റ്റേഷനിൽ ഒരുമിച്ച് ജോലി ചെയ്തവരാണ് ഇരുവരും.
തീർന്നില്ല എൽഡിഎഫ് സ്ഥാനാർഥി പി.വി സതീശൻ പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ്, പൊലീസ് അസോസിയേഷൻ സംസ്ഥാന നിർവാഹ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സമാനമായി യുഡിഎഫ് സ്ഥാനാർത്ഥി രവീന്ദ്രൻ പൊലീസ് അസോസിയേഷൻ ജില്ല ട്രഷററും, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗവുമായിരുന്നു. കാലങ്ങളായി എൽഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ രണ്ടു തവണയായി 32ാം വാർഡ് കൊട്രച്ചാലിൽ എൽഡിഎഫ് തന്നെയാണ് വിജയിക്കുന്നത്. വിരമിച്ച ശേഷം പൊതുപ്രവർത്തനത്തിന് സജീവമായ ഇരുവരും നേരിട്ട് ഇറങ്ങുന്നതോടെ ഇത്തവണ വാർഡിൽ കടുത്ത പോരാട്ടമാണ്.