ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കാസർകോട് ചെറുവത്തൂരിൽ നടക്കുന്ന സർവീസ് റോഡ് നിര്‍മാണപ്രവര്‍ത്തനം അനന്തമായി നീളുന്നു. രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കും എന്ന പറഞ്ഞ് തുടങ്ങിയ നിർമാണമാണ് ഒരു മാസമായി തുടരുന്നത്. ഇതോടെ ചെറുവത്തൂർ ടൗൺ വൻ കുരുക്കിലാണ്. 

ജനുവരി 2-ന് ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയ പണിയാണ് ഒന്നരമാസം പിന്നിട്ടിട്ടും പാതിപോലും കഴിയാതെ ഇഴഞ്ഞുനീങ്ങുന്നത്. ദേശീയപാതയുമായി ചേരുന്ന ഭാഗത്തെ സർവീസ് റോഡ് നിർമ്മാണവും ഓവുചാൽ പണിയുമാണ് നിലവിൽ നടക്കുന്നത്. പ്രവർത്തിയുടെ ഭാഗമായി ദേശീയപാതയിലേക്ക് എത്തിച്ചേരുന്ന കൊവ്വൽ റോഡും അടച്ചതോടെ ഈ വഴി ആശ്രയിക്കുന്ന നൂറുകണക്കിന് ആളുകളാണ് ദുരിതത്തിലായിരിക്കുന്നത്. കുട്ടമത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, കൊവ്വൽ എ.യു.പി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ സ്കൂളിലെത്താൻ കിലോമീറ്ററുകളോളം അധികം സഞ്ചരിക്കേണ്ട അവസ്ഥയിലാണ്. ചീമേനി, കയ്യൂർ ഭാഗങ്ങളിലേക്ക് പോകേണ്ടവർ നിലവിൽ ചെറുവത്തൂർ ടൗൺ വഴി ചുറ്റിക്കറങ്ങിയാണ് യാത്ര ചെയ്യുന്നത്. ഇത് സമയനഷ്ടത്തിനും സാമ്പത്തിക നഷ്ടത്തിനും ഇടയാക്കും. റോഡ് അടച്ചതോടെ പ്രദേശത്തെ ചെറുകിട കച്ചവടക്കാരുടെ വരുമാനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.

ആവശ്യത്തിന് തൊഴിലാളികളെ ഉപയോഗിക്കാതെ കൃത്യമായ പ്ലാനിംഗ് ഇല്ലാതെയും നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് കാലതാമസത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ദേശീയപാതയുടെ പല ഭാഗങ്ങളിലും സമാനമായ രീതിയിലുള്ള അശാസ്ത്രീയമായ പ്രവൃത്തികൾ നടക്കുന്നുണ്ടെന്ന പരാതി നേരത്തെ തന്നെയുണ്ട്. നിർമ്മാണ കരാർ കമ്പനിയുടെ മെല്ലെ പോക്കിനെതിരെ പ്രദേശത്തെ പ്രതിഷേധം രൂപപ്പെട്ടു വരികയാണ്.

ENGLISH SUMMARY:

National highway service road construction in Cheruvathur, Kasaragod is facing indefinite delays, causing significant traffic jams and hardship for residents and businesses. The prolonged work, initially promised to be completed within two weeks, has now stretched for over a month, impacting school children, commuters, and local vendors.