കാസർകോട് മഞ്ചേശ്വരത്ത് സ്വകാര്യ സി ഫുഡ് ഫാക്ടറിയിൽ നിന്നുള്ള മലിന ജലം മൂലം ദുരിതത്തിലായി നാട്ടുകാർ. എട്ടുവർഷമായി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് മലിനജലവും ദുർഗന്ധവും മൂലം ജനജീവിതം ദുരിതത്തിലാക്കിയത്. പരാതികൾ നൽകിയിട്ടും പരിഹാരം ഇല്ലാതാകുന്നതോടെ മുമ്പിൽ പ്രത്യക്ഷ സമരവുമായി നാട്ടുകാർ രംഗത്തെത്തി.
എട്ടുവർഷം മുമ്പാണ് മഞ്ചേശ്വരത്ത് യുണൈറ്റഡ് സീ ഫുഡ് എന്ന സ്ഥാപനം തുടങ്ങുന്നത്. സ്റ്റീൽ ഫാക്ടറി എന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രവർത്തനം ആരംഭിച്ചത്. വൈകാതെ ഫാക്ടറിയിൽ നിന്നുള്ള മലിനജലവും ദുർഗന്ധവും മൂലം നാട്ടുകാരുടെ ജീവിതം ദുരിത പൂർണമായി. സ്വന്തം കിണറ്റിലെ വെള്ളം കോരി കുടിക്കാൻ കഴിയാത്ത സ്ഥിതി. ദുർഗന്ധം മൂലം വീട്ടിലേക്ക് ബന്ധുക്കൾ പോലും കയറാത്ത ദുരവസ്ഥ. പഞ്ചായത്തിൽ നിരവധി തവണ പരാതി നൽകിയിട്ടും നടപടിയില്ലാതെ വന്നതോടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് നാട്ടുകാർ കടന്നത്.
ഫാക്ടറി നിലവിലുള്ള നിയമങ്ങളൊന്നും പാലിക്കുന്നില്ല നാട്ടുകാരുടെ ആരോപണം. മലിനജലം മൂലം രോഗഭീതിയിലും ആണ് നാട്ടുകാർ. എന്നാൽ നടപടിയെടുക്കാൻ പഞ്ചായത്ത് തയ്യാറല്ല. ഉചിതമായ നടപടി സ്വീകരിക്കാത്ത പക്ഷം പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് നാട്ടുകാരുടെ തീരുമാനം.