കാസർകോട് കുമ്പളയിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പഞ്ചായത്ത് പട്ടയം നൽകിയത് റെയിൽവേ ഭൂമിയിൽ. 9 കുടുംബങ്ങൾക്കാണ് റെയിൽവേ അറിയാതെ, റെയിൽവേ ഭൂമിയിൽ പട്ടയം നൽകിയത്. സ്ഥലത്ത് നിർമ്മാണം നടത്താനാകില്ല എന്ന് മാത്രമല്ല, പേരിൽ ഭൂമിയുള്ളതിനാൽ കുടുംബങ്ങൾക്ക് മറ്റു ഭൂമി ലഭിക്കുന്ന പദ്ധതികളുടെ ഗുണഭോക്താക്കളാകാനും കഴിയുന്നില്ല
2009ലാണ് മൊഗ്രാൽ കൊപ്പം ബീച്ച് അരികെ പഞ്ചായത്ത് പട്ടയം അനുവദിച്ചത്. ദരിദ്രരായ ഒൻപത് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് ഭൂമി ലഭിച്ചത്. വീട് വയ്ക്കുന്നതിനായി മൂന്നര സെൻറ് സ്ഥലമാണ് അനുവദിച്ചത്. എന്നാൽ സ്ഥലം ലഭിച്ചവർ പ്രദേശത്ത് നിർമ്മാണ പ്രവർത്തനം ആരംഭിച്ചതോടെയാണ് കുരിക്കിലായത്. പ്രദേശത്ത് തറ കെട്ടിയ വീട്ടുകാരുടെ നിർമ്മാണ പ്രവർത്തനം റെയിൽവേ തടഞ്ഞു. റെയിൽവേ ഭൂമിയിലാണ് നിർമ്മാണം എന്നതിനാൽ തറ പൊളിച്ചു നീക്കി. മറ്റൊരാൾ നിർമ്മിച്ച വീടിന് കെട്ടിട നമ്പർ നൽകാൻ പഞ്ചായത്ത് തയ്യാറല്ല. റെയിൽവേ ഭൂമിയാണ് എന്ന് തന്നെയാണ് കാരണം.
9 കുടുംബങ്ങൾ പരാതികൾ നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. റെയിൽവേ ഭൂമിയിൽ എങ്ങനെയാണ് പട്ടയം നൽകിയത് പഞ്ചായത്തിനും വിശദീകരണം ഇല്ല. പേരിൽ ഭൂമിയുള്ളതിനാൽ മറ്റ് ഭൂമി ലഭ്യമാകുന്ന പദ്ധതികളുടെ ഭാഗമാകാനും കുടുംബങ്ങൾക്ക് കഴിയുന്നില്ല. പട്ടയം റദ്ദാക്കി മറ്റൊരിടത് പട്ടയം നൽകണമെന്നതാണ് ഇവരുടെ ആവശ്യം.