കാസർകോട് ചെറുവത്തൂരിൽ വർഷങ്ങളായി അപകടാവസ്ഥയിൽ കോൺക്രീറ്റ് നടപ്പാലം. തകർന്ന് വീഴാറായ കിഴക്കേമുറി പാലത്തിലൂടെ ദിവസേന നിരവധി ആളുകളാണ് കടന്നുപോകുന്നത്. അപകടാവസ്ഥ മൂലം കുട്ടികളെ എത്തിക്കാൻ കിലോമീറ്റർ ചുറ്റി ബസ് സർവീസ് ഏർപ്പെടുത്തിയിരിക്കുകയാണ് സമീപത്തെ സർക്കാർ എൽ.പി സ്കൂൾ.
2008ൽ ജില്ലാ പഞ്ചായത്താണ് ചെറുവത്തൂർ കിഴക്കേമുറി–പുറത്തേമാട് പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നടപ്പാലം നിർമ്മിച്ചത്. കാലപ്പഴക്കത്താൽ ഭാഗികമായി തകർന്ന പാലം പുതുക്കി നിർമ്മിക്കണമെന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.
അച്ചാംതുരുത്തിയിൽനിന്നും കാരിയിൽ ആശുപത്രിയിലേക്കും കാരിയിൽ ഭാഗത്തുനിന്നും അച്ചാംതുരുത്തി രാജാസ് എയുപി സ്‌കൂളിലേക്കും നാട്ടുകാരും വിദ്യാർത്ഥികളും ആശ്രയിക്കുന്ന പാലമാണിത്. കിഴക്കേമുറി, പതിക്കാൽ, കാരിയിൽ, കുറ്റിവയൽ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് അച്ചാംതുരുത്തി സ്‌കൂളിലെത്താൻ നടപ്പാലം ഉപയോഗിച്ചിരുന്നത്. പാലം അപകടത്തിലായതോടെ വിദ്യാർഥികൾ ഇപ്പോൾ പ്രതിസന്ധിയിലാണ്. വിദ്യാർഥികളെ സ്കൂളിൽ എത്തിക്കാൻ എരിഞ്ഞിക്കീൽ വഴി ബസ് സൗകര്യം ഏർപ്പെടുത്തിയിരിക്കുകയാണ് സ്കൂൾ അധികൃതർ.
2019ലെ പ്രളയകാലത്താണ് പാലം കൂടുതൽ അപകടാവസ്ഥയിലായത്. പിന്നീട് ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് അറ്റകുറ്റപ്പണി നടത്തിയെങ്കിലും പൂർണ്ണമായും ഗതാഗത യോഗ്യക്കാൻ സാധിച്ചില്ല. തകർന്ന കോൺക്രീറ്റ് തൂണുകൾക്ക് പകരം തെങ്ങിൻതടി സ്ഥാപിച്ചും പ്ലാസ്റ്റിക്ക് കയറുകൊണ്ട് കെട്ടിവച്ചുമൊക്കെയാണ് ജനങ്ങൾ ഇരുകര താണ്ടുന്നത്. പാലത്തിലൂടെയുള്ള യാത്ര നിരോധിച്ചുകൊണ്ട് പേരിന് മാത്രമായി ബോർഡും സ്ഥാപിച്ചിട്ടുണ്ട്. നിലവിലെ നടപ്പാലം പൊളിച്ചു മാറ്റി റോഡ് പാലം നിർമിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.