കാസർകോട് പിലിക്കോട്ടുകാരുടെ ഉറക്കം കെടുത്തി അജ്ഞാതന്‍റെ വിളയാട്ടം. അർധരാത്രിയിൽ വീടിന്‍റെ വാതിൽ മുട്ടിയും, ടാപ്പ് തുറന്ന് വിട്ടുമാണ് ഇയാൾ നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നത്. രാത്രിയിൽ ചെറു സംഘങ്ങളായി തിരിഞ്ഞ് നിരീക്ഷണം നടത്തുകയാണ് പ്രദേശവാസികൾ.
പിലിക്കോട് പഞ്ചായത്തിലെ ഏക്കച്ചി, വറക്കോട്ടുവയൽ, പടുവളം, കരക്കേരു, കാലിക്കടവ് എന്നിവിടങ്ങളിലാണ് അജ്ഞാതന്റെ പരാക്രമം. ഒരു മാസമായി ഭീതിയോടെയാണ് നാട്ടുകാർ വീടുകളിൽ കിടന്നുറങ്ങുന്നത്. രാത്രി 12 മണിക്കും പുലർച്ചെ 3 മണിക്കും ഇടയിലാണ് അജ്ഞാതന്റെ ഉപദ്രവം. ഇത് ഒരാളാണോ ഒന്നിൽ കൂടുതൽ പേരടങ്ങുന്ന സംഘം ആണോ എന്നതിൽ വ്യക്തതയില്ല. അർദ്ധരാത്രിക്ക് ശേഷം വീടിന്റെ വാതിൽ മുട്ടി ആൾക്കാർ ഉണരുമ്പോൾ സ്ഥലം വിടുകയാണ് പതിവ്. ചിലവീടുകളിലെ ടാപ്പ് തുറന്നുവിട്ട നിലയിലാണ്.
രണ്ടാഴ്‌ച മുമ്പ് വരെ വറക്കോട്ടുവയലിലും ഏക്കച്ചിയിലുമാണ് ശല്യമുണ്ടായിരുന്നതെങ്കിൽ ഓണ ദിവസങ്ങളിൽ പടുവളം ഭാഗത്തായിരുന്നു. പ്രദേശത്തെ സി.സി.ടി.വി ക്യാമറകളിൽ ഒരു യുവാവിന്‍റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച അർധരാത്രി കാലിക്കടവ് കരക്കക്കാവ് ക്ഷേത്രപരിസരത്ത് ഒരാളെ സംശയാസ്പദമായ സാഹചര്യത്തിൽ ചിലർ കണ്ടിരുന്നു. കൂടുതൽ പേർ സംഘടിച്ച് എത്തിയപ്പോഴേക്കും ഇയാൾ കാട്ടിലേക്ക് ഓടി മറയുകയായിരുന്നു. നാട്ടുകാരുടെ ചെറു ഗ്രൂപ്പുകൾ ഉണ്ടാക്കി രാത്രി നിരീക്ഷണം ആരംഭിച്ചിരിക്കുകയാണ് പ്രദേശവാസികൾ. ചന്തേര പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.