ദേശീയപാതാ വികസനം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഗതാഗതം അതിവേഗത്തിൽ ആകുമെങ്കിലും, സർവീസ് റോഡുകൾ കുരുക്കിൽ വലയും. ആവശ്യമായതിലും കുറവ് സ്ഥലവും, ബസ് ബേ, പാർക്കിംഗ് സ്ഥലം എന്നിവ ഇല്ലാത്തിടത്ത് രണ്ടു വരി ഗതാഗതം അനുവദിക്കുന്നതാണ് കാരണം. നിർമാണം പൂർത്തിയായ കാസർകോട് ദേശീയപാത സർവീസ് റോഡ് രണ്ടുവരി ആക്കിയതോടെ വൻ ഗതാഗതക്കുരുക്കാണ്.
കാസർകോട് നഗരത്തിനോട് ചേർന്ന് അണങ്കൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിൽ 50 മീറ്ററോളം ഭാഗത്ത് വീതി നാല് മീറ്ററിൽ താഴെയാണ്. ഒരു വാഹനത്തിന് കടന്നുപോകാനുള്ള അകലം മാത്രം. മറുഭാഗത്തേക്ക് വാഹനം വന്നാൽ വൻ ഗതാഗതക്കുരുക്ക്. എന്നാൽ നിർമാണം പൂർത്തിയായ സർവീസ് റോഡിലെ ഗതാഗതം രണ്ടു വരി എന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്. നിർമാണം പൂർത്തിയായതോടെ എല്ലാം സർവീസ് റോഡുകളും കുരുക്കിലാണ്. ബസ് വേ ഇല്ലാത്തതിനാൽ, ആളെ കയറ്റാൻ ഒരു ബസ് നിർത്തിയാൽ മറ്റ് വാഹനങ്ങൾ റോഡിൽ കാത്ത് നിൽക്കണം. അണ്ടർ പാസിൽ നിന്നോ, ഇടവഴിയിൽ നിന്നോ ഒരു വാഹനം വന്നാലും അതേ അവസ്ഥ. റോഡിലെ പാർക്കിങ്, കുരുക്കിന് മറ്റൊരു കാരണം
രാജ്യത്ത് ആറുവരി ദേശീയപാതയ്ക്ക് 60 മീറ്റർ വേണ്ടപ്പോൾ കേരളത്തിൽ 45 മീറ്ററായി ചുരുക്കിയതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. ചിലയിടങ്ങളിൽ ആ 45 മീറ്റർ പോലും ഇല്ലാത്തതിനാൽ ദേശീയപാതയിൽ വാഹനങ്ങൾ ചീറിപ്പായുമ്പോൾ സർവീസ് റോഡിൽ ജനം കുരുക്കിൽ വലയണം.