കാസർകോട് മഞ്ചേശ്വരത്ത് യാത്രക്കാർക്ക് അപകട ഭീഷണിയായ ട്രാൻസ്ഫോർമറിന് താൽക്കാലിക സുരക്ഷ വേലി സ്ഥാപിച്ചു. വൈകാതെ ട്രാൻസ്ഫോർമർ സുരക്ഷിതമായി മേഖലയിലേക്ക് മാറ്റി സ്ഥാപിച്ചേക്കും. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി.
മഞ്ചേശ്വരം റെയിൽവേ സ്റ്റേഷന് എതിർവശത്ത് ദേശീയപാത സർവീസ് റോഡിലാണ് അപകട ഭീഷണിയായ ട്രാൻസ്ഫോമർ. രാഗം ജംഗ്ഷനിൽ ബസ് സ്റ്റാൻഡിനോട് ചേർന്നാണ് ട്രാൻസ്ഫോർമർ എന്നതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന കാൽനട യാത്രക്കാർക്ക് വലിയ ഭീഷണിയായിരുന്നു. സുരക്ഷാ വേലിയില്ലാത്ത ട്രാൻസ്ഫോർമറിലേക്ക് ഒന്ന് വഴുതി വീണാൽ അപകടം ഉറപ്പ്. ഇത് സംബന്ധിച്ച വാർത്ത മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് താൽക്കാലിക വേലി സ്ഥാപിച്ചത്.
ട്രാൻസ്ഫോമറിൽ നിന്നും ഇടയ്ക്കിടെ ഉണ്ടാകുന്ന ചെറു തീപ്പൊരികൾ പോലും നാട്ടുകാരെ ഭീതിപ്പെടുത്തുകയാണ്. ദിവസേന നൂറുകണക്കിന് വിദ്യാർഥികൾ പോകുന്ന പാത ആയതിനാൽ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ മാറ്റിസ്ഥാപിക്കാൻ മറ്റിടങ്ങൾ ഇല്ല എന്നായിരുന്നു കെഎസ്ഇബിയുടെ വിശദീകരണം. പ്രദേശത്തെ അപകടസാധ്യത മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സുരക്ഷാ വേലി എങ്കിലും സ്ഥാപിച്ചത്. വൈകാതെ ട്രാൻസ്ഫോമർ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.