കാസർകോട് മത്സ്യബന്ധന വള്ളങ്ങളുടെ അപകട കേന്ദ്രമായി മാവില കടപ്പുറം. പുലിമുട്ട് തകർന്നതും, പൂഴി അടിഞ്ഞതും മൂലം അഴിമുഖം കടക്കുന്ന വള്ളങ്ങൾ അപകടത്തിൽ പെടുന്നത് പതിവായി. മുമ്പ് രണ്ടു പേർ മരിച്ച മേഖലയിൽ കഴിഞ്ഞദിവസം 7 മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടിരുന്നു.
കാസർകോട് ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ മടക്കര ഹാർബറാണ് അപകട കേന്ദ്രമായിരിക്കുന്നത്. അഴിമുഖത്ത് നിന്നും കടലിലേക്ക് ഇറങ്ങുന്ന വള്ളങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഒരു വർഷത്തിനിടെ രണ്ടു മത്സ്യത്തൊഴിലാളികൾ മരിക്കുകയും നിരവധിപേർ അപകടത്തിൽ പെടുകയും ചെയ്തു. 15 വർഷങ്ങൾക്കു മുമ്പ് പുലിമുട്ട് സ്ഥാപിച്ചതോടെ സുരക്ഷിതമായി മത്സ്യത്തൊഴിലാളികൾക്ക് യാത്ര ചെയ്യാൻ ആകുമായിരുന്നു. കഴിഞ്ഞ ഒരു വർഷമായി മണലെടുപ്പ് മൂലം, അഴിമുഖത്തേക്ക് മണ്ണൊഴുകി തിട്ടകൾ രൂപപ്പെടുകയും, അടിയിലെ പൂഴി ഒഴുകി പുലിമുട്ട് തകർന്നതുമാണ് അപകടങ്ങൾക്ക് കാരണം.
ജില്ലയിൽ 200 ലേറെ വള്ളങ്ങളും നൂറിലേറെ മത്സ്യബന്ധന ബോട്ടുകളും ഉള്ള പ്രധാന ഹാർബറാണ് മടക്കര. ടോൾ ഇനത്തിൽ മാത്രം ലക്ഷങ്ങളാണ് ഇവിടെ ലഭിക്കുന്നത്. ഒരു വർഷമായുള്ള തുടർ അപകടങ്ങൾ മേഖലയെ പ്രതികൂലമായി ബാധിക്കുകയാണ്. അപകടങ്ങൾ ഒഴിവാക്കാൻ പുലിമുട്ട് 50 മീറ്റർ കൂടി ദൂരത്തേക്ക് പണിയണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ഇല്ലെങ്കിൽ ജീവൻ എടുക്കുന്ന കാസർകോട്ടെ മുതലപ്പൊഴിയായി മടക്കരയും മാറും.