kollam

TOPICS COVERED

മൽസ്യ ബന്ധനത്തിനിടെ വിയറ്റ്നാം കപ്പലുമായി ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ഒൻപത് മൽസ്യത്തൊഴിലാളികളെ കരയിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലം ശക്തികുളങ്ങരയിൽ നിന്നും പോയ സെൻ്റ് ജോസഫ് എന്ന ബോട്ടിലെ തൊഴിലാളികളെയാണ് കോസ്റ്റ് ഗാർഡിൻ്റെ കപ്പലിൽ വിഴിഞ്ഞം തീരത്ത് എത്തിച്ചത്. അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന രണ്ട് മൽസ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.

കരയിൽ നിന്നും 120 നോട്ടിക്കൽ മൈൽ അകലെ കന്യാകുമാരി ഭാഗത്ത് വച്ചാണ് വിയറ്റ്നാം കപ്പലുമായി സെൻ്റ് ജോസഫ് ബോട്ട് കൂട്ടിയിടിച്ചത്. പരുക്കേറ്റ ഒൻപതുപേരെയും വിയറ്റ്നാം കപ്പലിലുണ്ടായിരുന്ന നാവികരും തൊഴിലാളികളും ചേർന്നാണ് രക്ഷപ്പെടുത്തിയത്. സാരമായി പരുക്കേറ്റ രണ്ടുപേരെ ഉൾപ്പെടെ ഒൻപത് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. വിഴിഞ്ഞത്ത് നിന്നും കോസ്റ്റ് ഗാർഡെത്തിയാണ് പരുക്കേറ്റവരെ വിയറ്റ്നാം കപ്പലിൽ നിന്നും കോസ്റ്റ് ഗാർഡിൻ്റെ കപ്പലിലേക്ക് മാറ്റി തീരത്ത് എത്തിച്ചത്. കടലിൽപ്പെട്ട രണ്ടുപേർക്കുള്ള തെരച്ചിൽ തുടരുകയാണ്.

പരുക്കേറ്റ ഒൻപത് പേരും അതിഥി തൊഴിലാളികളാണ്. കടലിൽ കാണാതായ രണ്ടുപേരെ തിരികെ എത്തിക്കാൻ കോസ്റ്റ് ഗാർഡും മൽസ്യബന്ധന ബോട്ടുകളും തമിഴ്നാട്, കേരള തീരങ്ങളുടെ അതിർത്തിയിൽ വിപുലമായ തെരച്ചിൽ തുടരുകയാണ്.

ENGLISH SUMMARY:

Fishing accident involving a collision with a Vietnam ship has led to nine fishermen being hospitalized. The search continues for two other fishermen who are still missing following the incident.