കൊല്ലം കുരീപ്പുഴയില്‍ ബോട്ടുകളില്‍ വന്‍ തീപിടിത്തം. കുരീപ്പുഴ പള്ളിക്ക് സമീപമാണ് സംഭവം. കായലില്‍ നങ്കൂരമിട്ടിരുന്ന പത്തിലധികം മല്‍സ്യബന്ധന ബോട്ടുകള്‍ കത്തിനശിച്ചു. അപകടകാരണം വ്യക്തമല്ല. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. മൂന്ന് അഗ്നിരക്ഷായൂണിറ്റുകളും സ്ഥലത്തുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല എന്നാണ് വിവരം.
പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് അനുമാനം. തീ കണ്ട് സമീപവാസികളാണ് ആദ്യം ഓടിയെത്തിയത്. അപ്പോളേക്കും തീ ആളിപ്പടര്‍ന്നിരുന്നു. തീരത്തോട് ചേര്‍ന്ന് നിരനിരയായി കെട്ടിയിട്ട ബോട്ടുകളിലാണ് തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന് തീപിടിച്ച ബോട്ടുകളെ സമീപവാസികള്‍ കെട്ടഴിച്ച് വിടുകയായിരുന്നു. തുടര്‍ന്ന് കായലിലേക്ക് ഒഴുകിയ ബോട്ടുകളില്‍ തീ ആളിക്കത്തുന്നത് തുടരുകയാണ്. ഒന്‍പത് ഫൈബര്‍ ബോട്ടുകളും ഒരു പരമ്പരാഗത ബോട്ടുമാണ് കത്തിനശിച്ചതെന്നാണ് വിവരം.
മല്‍സ്യബന്ധനത്തിന് പോകുമ്പോള്‍ ഭക്ഷണം പാകം ചെയ്യാനായി സ്റ്റൗ, പാചക വാതകം എന്നിവ ബോട്ടുകളില്‍ സൂക്ഷിക്കാറുണ്ട്. ഭക്ഷണം പാചകം ചെയ്യുമ്പോള്‍ തീ പടര്‍ന്നു എന്നാണ് സംശയം. ഡീസലും ബോട്ടുകളിലുണ്ട്. ഇവ തീ ആളിക്കത്താന്‍ കാരണമായിരിക്കാം. ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു. നിലവില്‍ കരയ്ക്കടുത്തുള്ള ബോട്ടുകളിലെ തീ അണച്ചു കഴിഞ്ഞു. കായലില്‍ നിന്ന് മോട്ടര്‍ വച്ച് വെള്ളം പമ്പ് ചെയ്താണ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നത്.