കാസർകോട് മഞ്ചേശ്വരത്ത് പുതുതായി നിർമ്മിച്ച ദേശീയപാതയിൽ യാത്രക്കാർക്ക് ഭീഷണിയായി അലഞ്ഞു തിരിയുന്ന കന്നുകാലികൾ. രാവും പകലുമായി നിരവധി കന്നുകാലികളാണ് പ്രധാനപാതയിലേക്ക് കയറുന്നത്. മേഖലയിൽ ദേശീയപാത നിർമ്മാണം അവസാനഘട്ടത്തിൽ ആയതിനാൽ വാഹനങ്ങൾ അതിവേഗത്തിലാണ് ഇതുവഴി ചീറിപ്പായുന്നത്.
തലപ്പാടി മുതൽ ചെർക്കള വരെയുള്ള ദേശീയപാത നിർമ്മാണം പൂർത്തിയായി. അവസാനഘട്ടം മിനുക്ക് പണികൾ മാത്രമാണ് ബാക്കിയുള്ളത്. അതിനാൽ തന്നെ ആറുവരി പാതയിലൂടെ അതിവേഗത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഈ വാഹന യാത്രക്കാർക്ക് ഭീഷണിയായിരിക്കുകയാണ് മഞ്ചേശ്വരം മേഖലയിൽ റോഡിലേക്ക് കയറുന്ന കന്നുകാലി കൂട്ടങ്ങൾ. ദിവസേന സമീപപ്രദേശങ്ങളിൽ നിന്നായി നിരവധി കന്നുകാലികളാണ് പ്രധാന റോഡിലേക്ക് കയറുന്നത്. പ്രദേശത്ത് പശുക്കളെ കെട്ടിയിടാതെ അഴിച്ചുവിട്ടാണ് വളർത്തുന്നത്. അതിനാലാണ് ഇവ കൂട്ടമായി റോഡിലേക്ക് എത്തുന്നത്. റോഡിൽ തിരക്ക് അനുഭവപ്പെടുന്ന രാവിലെയും വൈകിട്ടുമാണ് കൂടുതലായും കന്നുകാലികൾ എത്തുന്നത്.
റോഡ് നിർമാണം പൂർത്തിയായെങ്കിലും ലൈറ്റുകൾ ഇനിയും സ്ഥാപിക്കപ്പെട്ടിട്ടില്ല. അതിനാൽ രാത്രി റോഡിലേക്ക് കന്നുകാലികൾ കയറുന്നത് യാത്രക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാനാവില്ല. അലഞ്ഞു തിരിയുന്ന കന്നുകാലികൾ രാത്രിയിൽ റോഡിൽ എത്തുന്നത് വലിയ അപകട ഭീഷണിയാണ് സൃഷ്ടിക്കുന്നത്. മേഖലയിൽ കന്നുകാലികളെ കണ്ട് വാഹനങ്ങൾ അതിവേഗതയിലെത്തി ബ്രേക്ക് ചെയ്യുന്നത് നിത്യ സംഭവമാണ്. അത് ഒരു അപകടത്തിലേക്ക് വഴിമാറുന്നതിനു മുമ്പ് കൃത്യമായ നടപടി അനിവാര്യമാണ്. തദ്ദേശസ്ഥാപനങ്ങൾ ഇടപെട്ട് അലഞ്ഞുതിരിയുന്ന പശുക്കളെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റുകയോ, ഉടമകൾ ഉണ്ടെങ്കിൽ റോഡിലേക്ക് കയറുന്നത് നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കാൻ നിർദേശം നൽകുകയുമാണ് വേണ്ടത്.