കണ്ണൂർ ചപ്പാരപ്പടവില്‍ മോഷ്ടാക്കളെ ഭയന്ന് ഭാര്യ പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം ഒളിപ്പിച്ചുവച്ച സ്വര്‍ണം ഭര്‍ത്താവ് അബദ്ധത്തില്‍ ഹരിത കര്‍മ സേനയ്ക്ക് കൈമാറി. ഭാര്യ വിജയമ്മ അഞ്ചേമുക്കാൽ പവൻ സ്വര്‍ണം ഒളിപ്പിച്ചുവച്ചത് അറിയാതെയാണ് ശിവദാസ് മാലിന്യം കൈമാറിയത്. സ്വർണം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായിരിക്കുകയാണ് ചപ്പാരപ്പടവ് പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾ.
കണ്ണൂർ ചപ്പാരപ്പടവ് പഞ്ചായത്തിലെ പാറയ്ക്കൽ വിജയമ്മയുടെ വീട്ടിലാണ് സംഭവം. മോഷ്ടാക്കളുടെ കണ്ണിൽപ്പെടാതിരിക്കാൻ ഭാര്യ ഒളിപ്പിച്ചുവച്ച സ്വർണം ഒടുവിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കൊപ്പം ഹരിതകർമസേനയുടെ കൈകളിൽ എത്തുക ആയിരുന്നു. താലിമാലയും രണ്ട് വളകളും ഒരു മോതിരവും അടക്കം അഞ്ചേമുക്കാൽ പവനാണ് പഴ്സിലാക്കി പ്ലാസ്റ്റിക് ശേഖരത്തിൽ ഒളിപ്പിച്ചിരുന്നത്.
മാലിന്യം തരംതിരിക്കുന്നതിനിടെ മംഗര വാർഡിലെ ഹരിതകർമസേനാംഗങ്ങളായ അരുണകുമാരിയും ജി. ഗീതുവും സ്വർണം കണ്ടെത്തുകയായിരുന്നു. തുടർന്ന് വാർഡ് മെംബർ പി.പി. സുഭാഷിന്റെ സാന്നിധ്യത്തിൽ സ്വർണം വിജയമ്മയ്ക്ക് തിരികെ കൈമാറി. മാലിന്യത്തിനൊപ്പം ലഭിച്ച സ്വർണം തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് കുടുംബം. ഹരിതകർമ്മ സേനാംഗങ്ങളുടെ സത്യസന്ധതയും ഇതോടൊപ്പം കൈയ്യടി നേടുകയാണ്.