സംസ്ഥാനത്ത് വീണ്ടും വൻ സൈബർ സാമ്പത്തിക തട്ടിപ്പ്. കൊച്ചിയിലും കണ്ണൂരുമായി നടന്ന വ്യത്യസ്ത ഓൺലൈൻ തട്ടിപ്പുകളിൽ നാല് ലക്ഷത്തിലധികം രൂപയാണ് നഷ്ടമായത്. യു.പി.ഐ (UPI) അക്കൗണ്ട് ഹാക്ക് ചെയ്തുള്ള തട്ടിപ്പിൽ കൊച്ചി മട്ടാഞ്ചേരി സ്വദേശികളായ രണ്ടുപേർക്ക് രണ്ട് ലക്ഷം രൂപയിലധികം നഷ്ടമായി.
കണ്ണൂർ പട്ടാന്നൂർ സ്വദേശിയായ ബിനുവിന് 2,27,000 രൂപയാണ് നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ട ബിനുവിന്റെ മൊബൈൽ ഫോണിൽ നിന്നും 'എം-പരിവാഹൻ' (mParivahan) ആപ്ലിക്കേഷന്റെ വ്യാജ പതിപ്പ് കണ്ടെത്തിയിട്ടുണ്ട്. ബിനുവിന്റെ അക്കൗണ്ടിൽ നിന്നും രണ്ട് തവണകളായാണ് ലക്ഷങ്ങൾ തട്ടിയെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ ഫോണിൽ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്പായ എം-പരിവാഹന്റെ പേരിലുള്ള വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. എന്നാൽ താൻ ഇത്തരത്തിലൊരു ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടില്ലെന്നാണ് ബിനു വ്യക്തമാക്കുന്നത്. സമാനമായ രീതിയിൽ യു.പി.ഐ അക്കൗണ്ടുകളിൽ നുഴഞ്ഞുകയറിയാണ് മട്ടാഞ്ചേരി സ്വദേശികളായ രണ്ടുപേരിൽ നിന്നും തട്ടിപ്പുകാർ പണം കവർന്നത്.
സംഭവത്തിൽ കണ്ണൂർ സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ഉടമയുടെ അറിവില്ലാതെ എങ്ങനെയാണ് വ്യാജ ആപ്പ് ഫോണിൽ എത്തിയതെന്നും അക്കൗണ്ടിൽ നിന്നും പണം ചോർന്നതിന്റെ സാങ്കേതിക വശങ്ങൾ എന്താണെന്നും സൈബർ പൊലീസ് പരിശോധിച്ചു വരികയാണ്.