ചാല സ്വർണ്ണക്കവർച്ചയിൽ നടന്നത് സിനിമയെ വെല്ലുന്ന ആസൂത്രണമെന്ന് പൊലീസ്. വ്യാഴാഴ്ച രാത്രി സ്വർണ്ണക്കവർച്ച നടത്തിയ പ്രതികൾ രണ്ടു ദിവസം മുൻപ് സമാനമായിട്ട് കവർച്ച ആസൂത്രണം ചെയ്തു. നന്ദകുമാർ കടയിൽ നിന്ന് ഇറങ്ങുന്ന സമയം ഉൾപ്പെടെ നോക്കിയ പ്രതികൾ നന്ദകുമാറിനെ പിന്തുടർന്ന്, പോകുന്ന വഴി മനസ്സിലാക്കി. ഇവിടെ വച്ച് കവർച്ച നടത്താമെന്നും ആസൂത്രണം ചെയ്തു.
കവർച്ചയ്ക്കുള്ള ട്രയൽ നടത്തിയാണ് മോഷണ സമയം ഉൾപ്പെടെ പ്രതികൾ ഉറപ്പിച്ചത്. എവിടെയൊക്കെ സിസിടിവി ഉണ്ട് എന്നത് ഉൾപ്പെടെ പ്രതികൾ മനസ്സിലാക്കിയിരുന്നു. ചാലയുടെ ഓരോ മുക്കും മൂലയും അറിയുന്നവരും കവർച്ചാ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ പ്രധാനിയാണ് വയനാട്ടിൽ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട ശ്രാവൺ.
കവർച്ചയ്ക്കുള്ള ആസൂത്രണം നടത്തിയ മഹാരാഷ്ട്ര സ്വദേശി അമൂൽ തന്റെ മറ്റൊരു സുഹൃത്തുമായി ഈ വിവരങ്ങൾ പങ്കുവെച്ചു. സുഹൃത്ത് വഴിയാണ് അനൂപിലേക്ക് എത്തുന്നത്. കൃത്യമായ പ്ലാനിംഗ് വേണമെന്നും ട്രയൽ റൺ നടത്തി മാത്രമേ കവർച്ചയിലേക്ക് പോകാവൂ എന്നും പ്രതികൾ ഉറപ്പിച്ചു. അങ്ങനെയാണ് കവർച്ചയ്ക്ക് രണ്ട് ദിവസം മുമ്പ് ഇവർ ട്രയൽ റൺ നടത്തിയത്.
അഞ്ച് വർഷത്തിനിടെ മാത്രം ഇറങ്ങിയ ബൈക്ക് ഉപയോഗിച്ചതാണ് പ്രതികൾ കുടുങ്ങാൻ പ്രധാനപ്പെട്ട കാരണമായത്. ആ മോഡലിലുള്ള പുതിയ ബൈക്ക് തിരുവനന്തപുരത്ത് 300 പേർക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബൈക്കിന്റെ ഉടമ അനിൽ ആണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസിന് കാര്യങ്ങൾ എളുപ്പമായി.