peringom-hospital

TOPICS COVERED

ഉദ്ഘാടനം പൂർത്തിയായ പുതുപുത്തൻ താലൂക്ക് ആശുപത്രി കെട്ടിടം എന്ന് തുറന്നു നൽകുമെന്ന് അറിയാതെ കണ്ണൂർ പെരിങ്ങോം നിവാസികൾ. എട്ടുമാസം മുൻപ് മുൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് വെറുതെ കിടക്കുന്നത്. പഴയ താലൂക്ക് ആശുപത്രി കെട്ടിടത്തിലെ പരിമിതമായ സൗകര്യത്തിൽ നട്ടം തിരിയുകയാണ് നാട്ടുകാർ. 

നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായിട്ടായിരുന്നു കഴിഞ്ഞ എൽഡിഎഫ് സർക്കാർ 8 കോടി രൂപ ചെലവിൽ നിർമ്മിച്ച പെരിങ്ങോം താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. 23,700 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടത്തിൽ മികച്ച സൗകര്യങ്ങളോടെ ചികിത്സ നൽകാൻ കഴിയും. എന്നാൽ കഴിഞ്ഞ ഫെബ്രുവരി 25ന് ഉദ്ഘാടനം ചെയ്ത കെട്ടിടം നാടിനു ഉപകാരപ്പെടാതെ കിടക്കുകയാണ്. ആശുപത്രിയിലേക്ക് വേണ്ട നിരവധി ഉപകരണങ്ങൾ കെട്ടിടത്തിനുള്ളിൽ കൂട്ടിയിട്ട നിലയിൽ.

കെട്ടിട നമ്പർ കിട്ടാത്തതാണ് പ്രധാന വെല്ലുവിളി. എന്നാൽ നമ്പർ കിട്ടണമെങ്കിൽ അഗ്നിരക്ഷാ സംവിധാനങ്ങൾ വേണം. റാമ്പുകളും ലിഫ്റ്റുകളും സ്ഥാപിക്കണം. ഇതൊന്നുമില്ലാത്തതാണ് കെട്ടിട നമ്പർ കിട്ടാതിരിക്കാൻ കാരണം. കുടിവെള്ള കണക്ഷനും കിട്ടിയിട്ടില്ല. മലയോര മേഖലയിലെ പ്രധാന താലൂക്ക് ആശുപത്രിയിലെ പരിമിതമായ സൗകര്യങ്ങളിൽ വലയുന്ന രോഗികൾ എത്രയും വേഗം പുതിയ കെട്ടിടം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ്.

ദിവസേന 500 ലേറെ രോഗികൾ ചികിത്സ തേടിയെത്തുന്ന സ്ഥലമാണ് പെരിങ്ങോം താലൂക്ക് ആശുപത്രി. എന്നാൽ അസൗകര്യങ്ങളേറെ. ലേബർ റൂം , എക്സ് റേ യൂണിറ്റ്, സി ടി സ്കാനിങ്  തുടങ്ങിയവയൊന്നും ഈ താലൂക്ക് ആശുപത്രിയിൽ ഇല്ല. കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ നിന്ന് താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ട് 15 വർഷമായിട്ടും ഇതാണ് സ്ഥിതി.

ENGLISH SUMMARY:

The newly inaugurated Peringome Taluk Hospital building in Kannur remains closed for eight months due to a lack of building numbers and basic facilities. Local residents and daily patients continue to struggle with inadequate healthcare infrastructure despite an eight-crore investment.