ടോൺസിൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ രണ്ടുവര്‍ഷം മുമ്പ് കണ്ണൂര്‍ സ്വദേശിയായ പതിനേഴുകാരന്‍ സൂര്യജിത്ത് മരിച്ച സംഭവത്തില്‍ ഗുരുതര കണ്ടെത്തലുമായി മനുഷ്യാവകാശ കമ്മിഷന്‍. ശസ്ത്രക്രിയ നടത്തിയ ഡോ. സന്ദേശ് പ്രിയദര്‍ശന് കേരളത്തില്‍ ചികില്‍സിക്കാന്‍ അനുമതിയുണ്ടായിരുന്നില്ലെന്നും ചികില്‍സിച്ച ക്ലിനിക്കിന് ചട്ടപ്രകാരം റജിസ്ട്രേഷന്‍ ഇല്ലെന്നുമാണ് കണ്ടെത്തല്‍. ശക്തമായ നടപടി വേണമെന്നും കേസ് തേച്ചുമായ്ച്ചുകളയാന്‍ അന്ന് ശ്രമം ഉണ്ടായെന്നും സൂര്യജിത്തിന്‍റെ കുടുംബം മനോരമ ന്യൂസിനോട് പറഞ്ഞു.
പ്ലസ് ടു വിദ്യാര്‍ഥിയായിരുന്ന സൂര്യജിത്തിനെ ടോണ്‍സിലൈറ്റിസിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കിയത് 2024 ജൂലൈ 17ന് .. കണ്ണൂരിലെ പ്രിയ ഇഎന്‍ടി ക്ലിനിക്കിലെ ശസ്ത്രക്രിയക്ക് പിന്നാലെ വന്‍തോതില്‍ രക്തം ഛര്‍ദിച്ചു. ഛര്‍ദിക്കുന്നത് കൂടിയപ്പോള്‍ ഡോക്ടര്‍ സന്ദേശിന്‍റെ നിര്‍ദേശപ്രകാരം ഫാത്തിമ ആശുപത്രിയിലെത്തിച്ചെങ്കിലും വേണ്ടത്ര പരിചരണം കിട്ടാതെ മരിച്ചെന്നാണ് ആരോപണം.
ഡിഎംഓയുടെ റിപ്പോര്‍ട്ടിലും ഗുരുതര വീഴ്ചകള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നെങ്കിലും അന്നത്തെ ഡിഎംഒ ഡോ. പിയൂഷ് പൊലീസിനും കമ്മിഷനും നല്‍കിയ റിപ്പോര്‍ട്ടില്‍ വൈരുദ്ധ്യമുണ്ടെന്ന് കമ്മിഷന്‍. മരണശേഷം ചികില്‍സാ രേഖകളില്‍ ഫാത്തിമ ആശുപത്രി കൃത്രിമത്വം വരുത്തിയെന്നും പ്രിയ ഇഎന്‍ടി ക്ലിനിക്കിനും ഫാത്തിമ ആശുപത്രിയ്ക്കും പ്രസ്തുത സമയത്ത് രജിസ്ട്രേഷന്‍ ഉണ്ടായിരുന്നില്ലെന്നും കര്‍ശന നടപടി വേണെമെന്നും കമ്മിഷന്‍.
മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നത്. ക്രൈംബ്രാഞ്ച് എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ കേസന്വേഷിക്കണം. സംസ്ഥാനത്തെ സ്വകാര്യ മേഖലയില്‍ ഇത്തരം സ്ഥാപനങ്ങളും ഡോക്ടര്‍മാരും പ്രവര്‍ത്തിക്കുന്നത് നിയമപ്രകാരമാണോ എന്ന് പരിശോധിക്കപ്പെടണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തു.