ഒരു ആടിന് വേണ്ടിയുള്ള ലേലംവിളി കയറിക്കയറി എത്തിനിന്നത് ഒരു ലക്ഷം രൂപയും കടന്ന്. സംഭവം കണ്ണൂർ പാനൂരിലാണ്. നബിദിനാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ ലേലംവിളിയാണ് ആവേശവും കൗതുകവുമായത്.
ഒരു ചെറിയ ആടിനെ വിൽക്കാൻ ലേലം വിളി തുടങ്ങിയത് പതിനായിരം രൂപയിൽ നിന്ന്. വിളി ഉയർന്നതോടെ ആവേശവും കൂടി. വിളിച്ച് വിളിച്ച് വില ലക്ഷത്തിലെത്തി. എന്നിട്ടും ചിലർ വിടാൻ ഭാവമില്ല. വീണ്ടും കൂട്ടി വിളിച്ചു. ആവേശം മൂത്ത് ലേലം എത്തിയത് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയിൽ. പുതിയവീട്ടിൽ ആയിഷയ്ക്ക് വേണ്ടി പേരമകൻ ഇജാസ് ഇസ്മായിലാണ് ലേലം വിളിച്ച് ആടിനെ സ്വന്തമാക്കിയത്. ലേലത്തിൽ സ്വന്തമാക്കിയ ആടിനെ സ്വന്തം ആവശ്യത്തിനായി മാറ്റിവെച്ചില്ല.പുത്തൂർ മർക്കസ് അഗതി മന്ദിരത്തിന് ആടിനെ സംഭാവന നൽകി.