raja-ravi-varma-yasoda-krishna

വിശ്വവിഖ്യാത ചിത്രകാരന്‍ രാജാ രവിവർമ്മയുടെ 'യശോദയും കൃഷ്ണനും' എന്ന എണ്ണച്ചായ ചിത്രം റെക്കോര്‍ഡ് തുകയില്‍ ലേലത്തിൽ വിറ്റു. 167.2 കോടി രൂപയ്ക്കാണ് (ഏകദേശം 18 മില്യൺ ഡോളർ) ചിത്രം വ്യവസായിയും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകനുമായ ശതകോടീശ്വരൻ സൈറസ് പൂനാവാലയാണ്  വാങ്ങിയത്.

ബുധനാഴ്ച മുംബൈയിൽ നടന്ന സാഫ്രോണ്‍ ആര്‍ട്ടിന്‍റെ സ്പ്രിങ് ലൈവ് ഓക്ഷനിലാണ് ചിത്രം ലേലത്തിന് വച്ചത്. ഇതിനു മുന്‍പ് ഡൽഹിയിലെ ഒരു സ്വകാര്യ ശേഖരത്തിന്‍റെ ഭാഗമായിരുന്നു ഈ ചിത്രം. വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട് പ്രകാരം, ചിത്രത്തിന് 80 കോടി മുതൽ 120 കോടി രൂപ വരെ വില ലഭിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍‌ ലേലത്തിനൊടുവില്‍ 167.2 കോടി രൂപയ്ക്ക് സൈറസ് പൂനാവാല ചിത്രം സ്വന്തമാക്കുകയായിരുന്നു.

ഇതോടെ കഴിഞ്ഞ വർഷം 118 കോടി രൂപയ്ക്ക് വിറ്റുപോയ എംഎഫ് ഹുസൈന്‍റെ 'അൺടൈറ്റിൽഡ്' എന്ന ചിത്രത്തിന്‍റെ റെക്കോർഡാണ്   മറികടന്നത്. അതേസമയം, ചിത്രം സ്വന്തമാക്കാനായത് ഒരു ബഹുമതിയും കടമയുമാണെന്ന് ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ, സൈറസ് പൂനാവാല പറഞ്ഞു. ചിത്രത്തെ രാജ്യത്തിന്‍റെ നിധി എന്ന് വിശേഷിപ്പിച്ച അദ്ദേഹം പൊതുജനങ്ങൾക്കായി ചിത്രംകാണാൻ  അവസരം ഒരുക്കാന്‍ ശ്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

1890 കളിലാണ് രാജാ രവിവര്‍മ്മ  'യശോദയും കൃഷ്ണനും' എന്ന ചിത്രം വരയ്ക്കുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍‌ ഒന്നായിട്ടാണ് ഈ ചിത്രം കണക്കാക്കപ്പെടുന്നത്. യശോദ പശുവിനെ കറക്കുമ്പോൾ കുട്ടിയായ കൃഷ്ണന്‍‌ പിന്നില്‍ നിന്ന് പാത്രം നീട്ടുന്നതാണ് ചിത്രം.

ENGLISH SUMMARY:

Raja Ravi Varma’s masterpiece ‘Yashoda and Krishna’ was sold for a staggering ₹167.2 crore at Saffronart’s Spring Live Auction in Mumbai. Billionaire Cyrus Poonawalla, founder of Serum Institute of India, acquired the painting, breaking previous records held by MF Husain’s works. Painted in the 1890s, this iconic piece depicts a young Krishna with Yashoda. Poonawalla described the acquisition as an honor and a national treasure, promising to make it accessible for public viewing.