ചരിത്രമെഴുതി ഇന്ത്യന്‍ നാവികസേനയുടെ INSV കൗഡിന്യ പായ്ക്കപ്പല്‍ ഒമാനിലെത്തി. അജന്ത ഗുഹയിലെ പുരാതന പെയിന്‍റിങ് മാതൃകയില്‍ വികസിപ്പിച്ചെടുത്തതാണ് കപ്പല്‍. ഗുജറാത്തിലെ പോര്‍ബന്തറില്‍നിന്ന് ഡിസംബര്‍ 29 ന് പുറപ്പെട്ട് പരമ്പരാഗത സമുദ്രപാതയിലൂടെ സഞ്ചരിച്ചാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാളും ഒമാന്‍ അധികൃതരും ചേര്‍ന്ന് മസ്കറ്റില്‍ സ്വീകരിച്ചു.
അജന്ത ഗുഹയില്‍ കണ്ടെത്തിയ അഞ്ചാംനൂറ്റാണ്ടിലെ ഒരു പെയ്ന്‍റിങിന് ജീവന്‍ വച്ചപ്പോള്‍ പിറന്നത് ചരിത്രം. ലോഹഭാഗങ്ങളില്ലാതെ മരത്തടികളും കയറും ഉള്‍പ്പെടെ പ്രകൃതിയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ മാത്രം ഉപയോഗിച്ച് കൈകൊണ്ട് നിര്‍മിച്ച പായ്ക്കപ്പല്‍. 5000 വര്‍ഷം മുന്‍പ് ഗള്‍ഫിലേക്ക് ചരക്കുമായി പോയിരുന്ന സമുദ്രപാതയിലൂടെ 18 ദിവസം നീണ്ട സഞ്ചാരം. ഇത് ചരിത്രത്തിന്‍റെ പുനരാവിഷ്കാരമല്ല, രാജ്യത്തിന്‍റെ പാരമ്പര്യവും വ്യാപാരപ്പെരുമയും പരമ്പരാഗതമായി പകര്‍ന്നുകിട്ടിയ സാങ്കേതിക മികവും
പ്രകടമാക്കുന്ന സഞ്ചാരമായിരുന്നു. ഇന്ത്യയും ഒമാനും തമ്മില്‍ നിലനില്‍ക്കുന്ന ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തിന്‍റെ അടയാളം കൂടിയാണ്INSV കൗഡിന്യയെന്ന് സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് കപ്പലിനെ വരവേറ്റ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.
സസാമ്പത്തിക വിദഗ്ധനും ചരിത്രകാരനുമായ സഞ്ജീവ് സന്യാല്‍ ആണ് അജന്ത ഗുഹയില്‍ കണ്ട പെയിന്റിങ് മാതൃകയില്‍ കപ്പല്‍ രൂപകല്‍പന ചെയ്തത്. സാംസ്കാരിക മന്ത്രാലയത്തിന്‍റെ സാമ്പത്തിക സഹായത്തോടെ നാവിക സേനയും ഗോവ ആസ്ഥാനമായ കപ്പല്‍ നിര്‍മാണ കമ്പനി ഹോഡി ഇന്നൊവേഷന്‍സും ചേര്‍ന്ന് നിര്‍മിച്ചു. കഴിഞ്ഞവര്‍ഷമാണ് കമ്മിഷന്‍ ചെയ്തത്. 15 ജീവനക്കാരാണ്
കന്നിയാത്രയില്‍ INSV കൗഡിന്യയില്‍ ഉണ്ടായിരുന്നത്.