iran-drone-attack-oman-indian-killed

ഒമാന്‍ തീരത്ത് എണ്ണക്കപ്പലിനുനേരെയുണ്ടായ  ഇറാന്‍റെ ഡ്രോണ്‍  ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. സുല്‍ത്താന്‍ ബാബൂസ് തുറമുഖത്തിന് അടുത്താണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് ഡ്രോന്‍ ബോട്ടാണ് ഇറാന്‍‌ ഉപയോഗിച്ചത്. കപ്പലില്‍ 16 ഇന്ത്യക്കാരുണ്ടായിരുന്നു. അവരെ ഒഴിപ്പിച്ചുവെന്നാണ് വിവരം.  

 

ദോഹ വിമാനത്താവളവും ഇറാന്‍ ആക്രമിച്ചു. ഇറാന്‍റെ ആക്രമണം വിഫലമാക്കിയെന്നാണ് ഖത്തർ പറയുന്നത്. മറുപടി നല്‍കാതിരിക്കാനാകില്ലെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കുമ്പോള്‍, നിലവിൽ ഇറാനുമായി ചർച്ചകൾക്കില്ലെന്നാണ് ഖത്തറിന്‍റെ നിലപാട്.  ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ മരണം 555 ആയി. ഇറാനിലെ 130ലേറെ നഗരങ്ങള്‍ ഭീതിയുടെ മുള്‍മുനയിലാണെന്നും ആയിരക്കണക്കിന് പേര്‍ക്ക് പരുക്കേറ്റുവെന്നും ഇറാനിയന്‍ റെഡ് ക്രസന്‍റ് സൊസൈറ്റി പറയുന്നു.

 

രാജ്യത്തെ ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചുവെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. ആണവ വികിരണത്തിന് സാധ്യതയെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ബുഷെഷര്‍ ന്യൂക്ലിയര്‍ പവര്‍ പ്ലാന്‍റ്, ടെഹ്റാന്‍ റിസര്‍ച്ച് റിയാക്ടര്‍ എന്നിവയ്ക്ക് നേരെ ആക്രമണം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. 

 

എന്നാല്‍ ആണവ നിലയങ്ങള്‍ ആക്രമിച്ചതായി നിലവില്‍ സ്ഥിരീകരണം ഇല്ലെന്നും നതാന്‍സിലെ ആണവ സമ്പുഷ്ടീകരണ സമുച്ചയമാണ് ആക്രമിച്ചെതന്നുമാണ് ഐഎഇഎയുടെ റിപ്പോര്‍ട്ട്. നിലവില്‍ ആണവച്ചോര്‍ച്ച ഇല്ലെന്നും എന്നാല്‍ അതിന്‍റെ സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  

 

ഇറാന്‍ നടത്തിയ തിരിച്ചടിയില്‍ ഒന്നിലേറെ യുഎസ് യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവെന്ന് കുവൈത്ത് സ്ഥിരീകരിച്ചു. എഫ്–15 ഈഗിള്‍ നിലംപൊത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇറാന്‍ നേരത്തെ പുറത്തുവിട്ടിരുന്നു. വിമാനങ്ങളിലുണ്ടായിരുന്ന പൈലറ്റുമാരെല്ലാവരും രക്ഷപെട്ടിട്ടുണ്ട്. കുവൈത്തിന് പുറമെ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനികത്താവളങ്ങളിലെല്ലാം ഇറാന്‍ ആക്രമണം ശക്തമാക്കി.

ENGLISH SUMMARY:

Iran drone attack on an oil tanker off the coast of Oman has resulted in the death of an Indian national. This incident, which involved a drone boat, occurred near the Sultan Qaboos port and raises significant regional security concerns.