roadissue

തകർച്ചയിൽ നിന്ന് മോക്ഷമില്ലാതെ കണ്ണൂർ തളിപ്പറമ്പ് ചൊറുക്കള - ബാവുപ്പറമ്പ് റോഡ്. പലതവണ നന്നാക്കിയിട്ടും വീണ്ടും തകരുന്നതാണ് റോഡിന്‍റെ ദുർഗതി. വേനലിൽ പൊടിശല്യവും മഴക്കാലത്ത് ചെളിയും നിറഞ്ഞ റോഡിലൂടെ നാട്ടുകാർ യാത്ര ചെയ്യാൻ തുടങ്ങിയിട്ട് കാലം കുറെയായി.

തളിപ്പറമ്പ് ചൊറുക്കളയിൽ നിന്ന് ബാവുപ്പറമ്പിലേക്കുള്ള രണ്ടര കിലോമീറ്റർ. റോഡ് എന്ന പേരു മാത്രമേയുള്ളൂ, റോഡിന്‍റെ  ലക്ഷണമൊന്നുമില്ല. നിറയെ ഉള്ളത് വൻകുഴികൾ മാത്രം. വീതി കുറഞ്ഞ റോഡിൽ ദിവസേന പോകുന്നത് നൂറുകണക്കിന് വാഹനങ്ങൾ. അതിൽ കൂടുതലും ചെങ്കല്ലുമായി പോകുന്ന ലോറികൾ. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി റോഡിന്‍റെ നവീകരണം തുടങ്ങിയിരുന്നെങ്കിലും എങ്ങും എത്തിയില്ല എന്ന് നാട്ടുകാർ പറയുന്നു. 

കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുന്നവർ ഉപയോഗിക്കുന്ന റോഡ് കൂടിയാണിത്. മെക്കാഡം ടാറിങ് ചെയ്ത് നവീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പല ആവർത്തി പരാതി പറഞ്ഞിട്ടും ചൊറുക്കള - ബാവുപറമ്പ് റോഡിന്‍റെ ദുരിതം അവസാനിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.  കുഴിയടച്ച് ഗതാഗത യോഗ്യമാക്കണമെന്നാണ് ആവശ്യം.

ENGLISH SUMMARY:

Kannur Thaliparamba Chorukkala Bavuparambu Road is in a state of constant decay, despite repeated repair attempts. Residents are deeply unhappy with the road's condition, which causes dust in summer and mud during the monsoon, impacting daily commutes and travel to Kannur Airport.