collector-action-polluting-lorry

റോഡിൽ ദുർഗന്ധം വമിപ്പിച്ച് മലിനജലം ഒഴുക്കി യാത്ര ചെയ്ത കർണാടക രജിസ്ട്രേഷൻ ലോറിക്ക് 25,000 രൂപ പിഴ ചുമത്തി. കണ്ണൂർ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് നടപടി സ്വീകരിച്ചത്. ഇടുക്കി ജില്ലാ കലക്ടർ ദിനേശൻ ചെരുവാട്ടിന്റെ സ്വകാര്യ കാറിന് മുന്നിൽ വെച്ച് മലിനജലം തള്ളിയ വാഹനത്തിനെതിരെയാണ് നടപടി. അവധിദിവസത്തിൽ നാട്ടിലെത്തിയ കളക്ടർ നേരിട്ട് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതിനെ തുടർന്നാണ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് അടിയന്തരമായി ഇടപെട്ട് പിഴ ചുമത്തിയത്.

രണ്ടുദിവസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂർ സ്വദേശിയായ ഇടുക്കി കലക്ടർ ദിനേശൻ ചെരുവാട്ടും സഹോദരനും സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കവേയാണ് മുന്നിൽ പോവുകയായിരുന്ന കർണാടക രജിസ്ട്രേഷൻ ലോറിയിൽ നിന്ന് വൻതോതിൽ മലിനജലം റോഡിലേക്ക് ഒഴുക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. 

പരിസരമാകെ കടുത്ത ദുർഗന്ധം പരത്തിക്കൊണ്ട് പോയ വാഹനം മറ്റ് യാത്രക്കാർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. തുടർന്നാണ് കളക്ടർ സ്വന്തം ഫോണിൽ ഇതിന്റെ വിഡിയോ പകർത്തി കണ്ണൂരിലെ ശുചിത്വ മിഷൻ എൻഫോഴ്സ്മെന്റ് അധികൃതർക്ക് അയച്ചു നൽകിയത്.

കലക്ടർ കൈമാറിയ കൃത്യമായ ദൃശ്യങ്ങളുടെയും വാഹന രജിസ്ട്രേഷൻ നമ്പറിന്റെയും അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഉടനടി പരിശോധന നടത്തുകയും ലോറി ഉടമയ്ക്കെതിരെ 25,000 രൂപ പിഴ വിധിക്കുകയുമായിരുന്നു.  

ENGLISH SUMMARY:

The Kannur district enforcement squad has penalized a Karnataka-registered lorry with a fine of 25,000 rupees for releasing foul-smelling waste water onto the public road. Idukki District Collector Dineshan Cheruvatt, who was traveling in his private car during his holiday, personally recorded the incident on his mobile phone. Following the direct complaint and video evidence provided by the Collector, authorities swiftly tracked down the vehicle and took strict legal action. Officials reiterated that uncompromising penalties will continue against anyone dumping waste and polluting public thoroughfares.