pappinisserypanchayathroad

ദേശീയപാതാ നിര്‍മാണക്കമ്പനിയുടെ വാഹനങ്ങള്‍ കാരണം കണ്ണൂര്‍ പാപ്പിനിശേരി പഞ്ചായത്തിലെ തിരുത്തി റോഡ് നശിച്ച നിലയില്‍. ഭാരവാഹനങ്ങളും യന്ത്രങ്ങളും സ്ഥിരമായി പോകുന്നതിനാല്‍ റോഡ് പൂര്‍ണമായും തകര്‍ന്നതാണ് നാട്ടുകാരെ വലയ്ക്കുന്നത്. റോഡ് നവീകരിച്ചാലും വീണ്ടും തകരുമെന്ന കാരണം ചൂണ്ടിക്കാട്ടി പാപ്പിനിശേരി പഞ്ചായത്ത് റോഡ് നവീകരിക്കാന്‍ മുതിരുന്നില്ലെന്ന് ആരോപണം ശക്തമാകുന്നു. 

ദേശീയപാതാ നിര്‍മാണ കമ്പനിയായ വിശ്വസമുദ്രയുടെ യന്ത്രങ്ങളും വലിയ വാഹനങ്ങളും സൂക്ഷിക്കുന്ന സ്ഥലത്തേക്കുള്ള വഴിയാണ് ഈ പഞ്ചായത്ത് റോഡ്. ഹൈവേയുടെ ജോലികള്‍ തുടങ്ങിയപ്പോള്‍ മുതല്‍ നാട്ടുകാര്‍ അനുഭവിക്കുന്നതാണ് ദുരിതയാത്ര. പൊട്ടിത്തകര്‍ന്ന റോഡു വഴി ഓട്ടോ വിളിച്ചാല്‍ പോലും വരില്ല. രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ബുദ്ധിമുട്ടുന്ന സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറയുന്നു. 

pappinisseryroad

കുഴികളുടെ കൂത്തരങ്ങായ റോഡ് ഹൈവൈ നിര്‍മാണ കമ്പനി താല്‍കാലികമായി ജെല്ലിയിട്ട് നികത്തിയതാണ് ചെറിയൊരു ആശ്വാസം. എന്നാല്‍, അവരുടെ വാഹനങ്ങള്‍ തന്നെ ഈ റോഡ് വീണ്ടും കുഴികളാക്കി മാറ്റുമെന്നാണ് നാട്ടുകാരുടെ പരാതി. വെയിലത്ത് പൊടിശല്യവും രൂക്ഷമാവുകയാണ്.  റോഡില്‍ പൊടിയടക്കാന്‍ ഉപ്പുവെള്ളം ഒഴിക്കുന്നുണ്ട്. ഇതുകാരണം നാട്ടുകാരുടെ വാഹനങ്ങളും വീടിന്‍റെ ഗേറ്റുകളും തുരുമ്പെടുത്ത് നശിക്കുന്നുവെന്നും ആക്ഷേപമുണ്ട്.

നാട്ടുകാരും പാപ്പിനിശേരി പഞ്ചായത്തും ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും  പുരോഗതിയൊന്നുമുണ്ടായിട്ടില്ലെന്നാണ് ആരോപണം. ദേശീയപാതയുടെ പണി തീരുമ്പോള്‍ കമ്പനി തന്നെ റോഡ് മെക്കാഡം ടാറിങ് ചെയ്യാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നാണ് പഞ്ചായത്തിന്‍റെ മറുപടി.  ഹൈവേ നിര്‍മാണം എങ്ങുമെത്താതെ നീളുന്നതിനാല്‍ റോഡിലെ ദുരിതവും അനന്തമായി നീളുമെന്നാണ് ആശങ്ക. കരാര്‍ കമ്പനിക്കെതിരെ പ്രതിഷേധ പരിപാടികളടക്കം രാഷ്ട്രീയ പാര്‍ട്ടികള്‍ ആലോചിക്കുന്നുണ്ട്.

ENGLISH SUMMARY:

Kannur's Tirutti road in Pappinissery panchayat is severely damaged due to National Highway construction vehicles. The road, used by construction company Viswamudra, has deteriorated to the point where auto-rickshaws refuse to ply, causing significant hardship for residents, especially in transporting patients.