water-scarcity

TOPICS COVERED

കണ്ണൂരിന്‍റെ മലയോര പഞ്ചായത്തുകളായ ഉദയഗിരിയിലും ആലക്കോടും കുടിവെള്ള ക്ഷാമം രൂക്ഷം. ജലസ്രോതസുകള്‍ വറ്റിവരണ്ടതോടെ ആദിവാസി ഉന്നതികളിലെ താമസക്കാരുള്‍പ്പെടെ വലിയ പ്രയാസത്തിലായി. കുടിവെള്ളമെത്തിക്കാന്‍ പണികഴിപ്പിച്ച ജലവിതരണ പദ്ധതികള്‍ പ്രവര്‍ത്തിക്കാത്തതും കൊടുവേനലില്‍ പ്രതിസന്ധി ഇരട്ടിയാക്കുകയാണ്.

ചൂടിന് മലയോരത്തും കുറവില്ല. കത്തുന്ന വെയിലില്‍ തണുപ്പുറവകളെല്ലാം നൂലുപോലെ മെലിഞ്ഞു. പലതും വറ്റിവരണ്ടു. ഉറവകളില്‍ നിന്ന് പൈപ്പിട്ട് വെള്ളം സൂക്ഷിച്ചവരൊക്കെ കടുത്ത ക്ഷാമത്തില്‍ വലയുന്നു. ഇവര്‍ക്കൊക്കെ വേണ്ടി നിര്‍മിച്ച ജലവിതരണ പദ്ധതികളുടെ അവസ്ഥയോ അതിലേറെ കഷ്ടം. കാര്‍ത്തികപുരത്തെ പമ്പ് ഹൗസിന് ആ പേരുമാത്രമേയുള്ളൂ. കാലപ്പഴക്കത്തില്‍ അതങ്ങനെ നോക്കുകുത്തിയായി കിടക്കുന്നു. ആര്‍ക്കും ഒരു പ്രയോജനവുമില്ലാതെ.

ആലക്കോട് പഞ്ചായത്തില്‍ രയരോം ബിംബുകാടാണ് മറ്റൊരു കുടിവെള്ള പദ്ധതി. ഇതിന്‍റെ നിര്‍മാണ ചിലവ് കേട്ടാല്‍ ഞെട്ടും. 12 കോടി. പദ്ധതിയ്ക്ക് വേണ്ടി ടാങ്ക് നിര്‍മിച്ചതും മണ്ണിനടിയിലൂടെ പൈപ്പുകളിട്ടതുമാണ് ആകെ ചെയ്തത്. ടാങ്കില്‍ വെള്ളം മാത്രമെത്തിയില്ല. എത്രയും വേഗം കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തന ക്ഷമമാക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ അഭ്യര്‍ഥന.

ENGLISH SUMMARY:

Kannur's mountain panchayats, Udayagiri and Alakode, are facing a severe drinking water crisis. Water sources have dried up, causing immense hardship, including for residents in tribal settlements