കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നടത്തുന്ന പമ്പില്‍ നിന്ന് ഇന്ധനച്ചോര്‍ച്ച. സമീപത്തെ പത്തോളം വീടുകളിലെ കിണറുകളില്‍ പെട്രോള്‍, ഡീസല്‍ സാന്നിധ്യം കണ്ടെത്തി. വീട്ടാവശ്യങ്ങള്‍ക്ക് പുറത്തുനിന്ന് വെള്ളമെത്തിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍. ചോര്‍ച്ച പരിഹരിക്കാന്‍ ജയില്‍ അധികൃതരും ഐഓസിയും നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
കിണറുകള്‍ക്കരികിലെത്തിയാല്‍ ഇന്ധനത്തിന്‍റെ മണം. അല്‍പം വെള്ളമെടുത്ത് കടലാസോ തുണിയോ മുക്കി തീ കൊടുത്താലറിയാം മണത്തിന്‍റെ രഹസ്യം. രണ്ട് മാസത്തിലേറെയായി കണ്ണൂര്‍ പള്ളിക്കുന്നിലെ നിരവധി വീട്ടുകാര്‍ കിണറ്റില്‍ നിന്ന് വെള്ളമെടുത്ത് ഉപയോഗിക്കാറില്ല. പരാതി കൊടുത്തിട്ടും നടപടികളില്ലാതായതോടെ കൗണ്‍സിലറുടെ നേതൃത്വത്തില്‍ പമ്പിന് മുന്നില്‍ നാട്ടുകാരുടെ കുത്തിയിരിപ്പ് സമരം.
പ്രശ്നം പരിഹരിച്ചെന്നാണ് ജയില്‍ സൂപ്രണ്ടിന്‍റെ വാദം. പമ്പിലെ ഇന്ധനടാങ്കില്‍ ചോര്‍ച്ച കണ്ടെത്തിയിട്ടില്ലെന്ന് ഐഓസിയും പറയുന്നു. എന്നാലിപ്പോഴും വെള്ളത്തിലേക്ക് ഇന്ധനം കിനിഞ്ഞിറങ്ങുന്നുണ്ടെന്ന് കൗണ്‍സിലര്‍. മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധിച്ച കിണറുകളിലെല്ലാം ഇന്ധന സാന്നിധ്യം തെളിഞ്ഞിട്ടുണ്ട്. കിണറുകളില്‍ ഹൈഡ്രോ കാര്‍ബണുകളുടെ അളവ് വളരെ കൂടുതലാണെന്നാണ് ജില്ലാ കലക്ടര്‍ക്ക് ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിലെ ഉള്ളടക്കം. ഒടുവില്‍ ഇക്കഴിഞ്ഞ ആറാം തിയതി ഐഓസിയ്ക്ക് അയച്ച കത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നത് ചോര്‍ച്ച പരിഹരിക്കുംവരെ പമ്പ് പ്രവര്‍ത്തിക്കരുതെന്നാണ്. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് പമ്പ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്