ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം അതീവ ഗൗരവതരമാണെന്നും റിപ്പോര്‍ട്ട് വന്നശേഷം ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിലില്‍ സംഘര്‍ഷാവസ്ഥയില്ലെന്നും ആര്‍ക്കും പ്രത്യേക പരിഗണന ഇല്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. രാഷ്ട്രീയ തടവുകാര്‍ക്ക് പ്രത്യേക ആനുകൂല്യമില്ല. മറിച്ചുള്ള പ്രചാരണങ്ങളില്‍ വസ്തുതയില്ല. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രതികള്‍ക്ക് മദ്യം വാങ്ങിക്കൊടുത്തത് സംബന്ധിച്ച് ഉയര്‍ന്ന ചോദ്യത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജൂലൈ 25ന് പുലര്‍ച്ചെയാണ് ജയില്‍ ചാടിയത്. രാവിലെ പതിവ് പരിശോധനകള്‍ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയെന്ന് സ്ഥിരീകരിച്ചത്. ഊര്‍ജിതമായ തിരച്ചിലിനൊടുവില്‍ നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം പിടികൂടുകയും പിന്നീട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അതീവ സുരക്ഷയുള്ള പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലില്‍ നിന്ന് ഗോവിന്ദച്ചാമി ചാടിയത് വലിയ ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു.
അതിനിടെ രാഹുല്‍ഗാന്ധിക്കെതിരായ വധഭീഷണി സംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസ് പരിഗണിച്ചില്ല. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്രിന്‍റുവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി. സ്പീക്കര്‍ നീതിപാലിക്കുകയെന്ന ബാനറും ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.