• ‘വ്യക്തമായ തെളിവുകള്‍ കൈവശമുണ്ട്’
  • മുഖ്യമന്ത്രിയെക്കണ്ട് വിശദീകരിക്കും

മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട കാര്യമില്ലെന്ന നിലപാടില്‍ ഉറച്ച് ഗണേഷ്. ഭാര്യയുടെ ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും വ്യക്തമായ തെളിവുകളുണ്ടെന്നും ഗണേഷ്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് വിശദീകരിക്കും.  

മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ ഭാര്യ വിളിച്ചതനുസരിച്ച് വീട്ടിലെത്തിയിട്ടും ഇടപെടാതിരുന്നത് കുടുംബ പ്രശ്നമായതിനാലെന്ന് പൊലീസ്. കൊല്ലം റൂറൽ എസ്പി, ഡിജിപിക്ക് നൽകിയ റിപ്പോർട്ടിലാണ് ന്യായീകരണം. മന്ത്രിയുടെ വീട്ടിലെത്തിയ പൊലീസ് കാഴ്ചക്കാരായി മടങ്ങിയെന്ന ആക്ഷേപം ശക്തമായതിന് പിന്നാലെയാണ് വിശദീകരണം തേടിയത്.  

പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലാണ് മന്ത്രിയുടെ ഭാര്യ ബിന്ദു മേനോന്റെ വിളിയെത്തിയത്. ഉടൻ തന്നെ വാളകം എയ്ഡ് പോസ്റ്റിൽ നിന്നുള്ള പൊലീസും പിങ്ക് പൊലീസും വീട്ടിലെത്തി. കുടുംബ പ്രശ്നമാണെന്ന് മന്ത്രിയുടെ ഭാര്യ ഉൾപ്പെടെ പറഞ്ഞു. ഇതോടെ 20 മിനിറ്റോളം അവിടെ നിന്ന ശേഷം മടങ്ങിയെന്നുമാണ് റിപ്പോർട്ട്. പൊലീസ് നടപടിയിൽ വീഴ്ചയില്ലെന്ന് ഡിജിപിയും വിലയിരുത്തി. 

അതേസമയം,  മന്ത്രിയുടെ ഭാര്യയോ വീട്ടിൽ കണ്ടതായി പറയുന്ന സ്ത്രീയോ പരാതി നൽകാതെ കേസെടുക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്. കെഎസ്‌യു ഉൾപ്പെടെ നൽകിയ പരാതി ലഭിച്ചിട്ടില്ലെന്നും വിശദീകരിക്കുന്നു. 

Read Also: 'അത് കുടുംബ വഴക്ക് മാത്രം'; ഗണേഷ്കുമാറിനെതിരായ ആരോപണം; ഇടപെടാത്തത് ന്യായീകരിച്ച് പൊലീസ്

അതിനിടെ, ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ഗണേഷ് പങ്കെടുക്കുമോ എന്നതില്‍ ആകാംഷ. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗണേഷ് മന്ത്രിസഭയില്‍ തുടര്‍ന്നാല്‍ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന അഭിപ്രായം ഇടതുമുന്നണി നേതാക്കള്‍ക്കുണ്ട്.  കുടുംബത്തിലുണ്ടായ പ്രശ്നങ്ങള്‍ ഗണേഷ് മന്ത്രിസഭായോഗത്തിന് മുന്‍പ് മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നാണ് വിവരം. 

Read More: ഗണേഷ് കുമാറിന്റെ ഭാര്യ നൽകിയ പരാതിക്ക് എന്ത് സംഭവിച്ചു?; പിണറായി വിജയന്‍ അന്ന് പറഞ്ഞത്...

മുഖ്യമന്ത്രിയെ കാണുമ്പോള്‍ രാജികത്ത് നല്‍കി വിവാദത്തില്‍ നിന്ന് തലയൂരാന്‍ ഗണേഷ് ശ്രമിക്കാനുള്ള സാധ്യതയും  മുതിര്‍ന്ന നേതാക്കള്‍ തള്ളികളയുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രേഖമൂലമുള്ള പരാതിയില്ലാതെ കുടുംബപ്രശ്നത്തില്‍ ഗണേഷിനോട് രാജിവെയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടാന്‍ സാധ്യതയില്ലെന്ന് വിശ്വസിക്കുന്നവരും മുന്നണിയിലുണ്ട്. വിവാദത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണായകമാണ്.   

അതേസമയം, മന്ത്രിസ്ഥാനം  രാജിവെയ്പ്പിക്കേണ്ടി  വന്നാല്‍ തിരഞ്ഞെടുപ്പില്‍  പത്തനാപുരത്ത്  സീറ്റ് നല്‍കുക എല്‍ഡിഎഫിന് ബുദ്ധിമുട്ടാവും . സ്വതന്ത്രനായി മല്‍സരിച്ചാലും മുന്നണിക്ക് പിന്‍തുണയ്ക്കാനാവില്ല. ഇതെല്ലാം കണക്കിലെടുത്താകും അന്തിമ തീരുമാനം.

ENGLISH SUMMARY:

Kerala Minister K.B. Ganesh Kumar on March 10, 2026, refused to resign following a domestic dispute controversy. The Minister alleged that the accusations made by his wife were part of a Congress-led conspiracy to tarnish his image ahead of the elections.