കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നടത്തുന്ന പമ്പിലെ ഇന്ധനച്ചോര്‍ച്ച കാരണം കിണറുകള്‍ മലിനമായ വിഷയത്തില്‍ ജില്ലാ ഭരണകൂടത്തിന്‍റെ ഇടപെടല്‍. അടിയന്തരമായി പ്രശ്നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രദേശവാസികള്‍ക്ക് കലക്ടര്‍ ഉറപ്പുനല്‍കി. കിണറുകള്‍ വൃത്തിയാക്കാനും വീട്ടാവശ്യത്തിന് വെള്ളമെത്തിക്കാനും ഐഓസിയെ ചുമതലപ്പെടുത്തി.
രണ്ടു മാസമായി സെന്‍ട്രല്‍ ജയിലിന് മുന്‍വശത്തെ പമ്പില്‍ നിന്ന് ഇന്ധനച്ചോര്‍ച്ച തുടങ്ങിയിട്ട്. വന്‍ തോതില്‍ മലിനമായ കിണറുകളില്‍ നിന്ന് വെള്ളമെടുക്കാനാകാതെ പുറത്തുനിന്ന് വെള്ളമെത്തിക്കുകയാണ് പ്രദേശവാസികള്‍. സംഭവത്തില്‍ അഴീക്കോട് എംഎല്‍എ കെ.വി. സുമേഷ് കൂടി ഇടപെട്ടതിന് പിന്നാലെയാണ് കലക്ടറുമായി ചര്‍ച്ച നടന്നത്. എംഎല്‍എയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയിലാണ് പ്രശ്നം പരിഹരിക്കാനുള്ള തീരുമാനം.
കിണറുകളില്‍ ഹൈഡ്രോ കാര്‍ബണുകളുടെ അളവ് വളരെ കൂടുതലാണെന്നാണ് ജില്ലാ കലക്ടര്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍, ചോര്‍ച്ചയില്ലെന്ന് ജയില്‍ അധികൃതരും ഐഓസിയും വാദിക്കുന്നു. എന്നിട്ടും കൂടുതല്‍ കിണറുകള്‍ മലിനമാകാന്‍ തുടങ്ങിയതോടെയാണ് സ്ഥിതി വഷളായത്.