പൊലീസ് കള്ളക്കേസില്‍ കുടുക്കി 54 ദിവസം ജയിലില്‍ അടച്ച കണ്ണൂര്‍ കതിരൂര്‍ സ്വദേശി വി.കെ താജുദ്ദീന്‍ നിയമയുദ്ധം തുടരും. കീഴ്ക്കോടതിയില്‍ അധിക നഷ്ടപരിഹാരം ആവശ്യപെടാമെന്ന ഹൈക്കോടതി വിധിയിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണു തുടര്‍ നിയമ പോരാട്ടം. കഴിഞ്ഞ ദിവസം താജുദ്ദീനും കുടുംബത്തിനും 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഖത്തറില്‍ നല്ലനിലയില്‍ റെന്റ് എ കാര്‍ ബിസിനസ് നടത്തിയിരുന്ന താജുദ്ദീനെ ബെംഗളുരുവിലെ കുടുസു മുറിയിലെ ലോണ്‍ട്രിയിലേക്കെത്തിച്ചതു കേരള പൊലീസാണ്. മകളുടെ നിക്കാഹിനു നാട്ടിലെത്തിയ താജൂദ്ദീനെ 2018 ജൂലൈ 9നു ചക്കരക്കല്‍ എസ്.ഐ. പി.ബിജുവും കൂട്ടരും മാലക്കള്ളനാക്കി.
ആളുമാറിയെന്നു വ്യക്തമായപ്പോഴും കുറ്റസമ്മതം നടത്താന്‍ ദിവസങ്ങള്‍ക്കു മുന്‍പ് വിവാഹിതയായ മകളുടെ ജീവിതം വരെ തകര്‍ക്കുമെന്നായിരുന്നു പൊലീസിന്റെ ഭീഷണി. നാട്ടില്‍ 54 ദിവസം ജയില്‍. ദുരിതക്കടല്‍ താണ്ടി ഖത്തറിലെത്തി മുടങ്ങിയ ബിസിനസും ജീവിതവും പുനരാരംഭിക്കാന്‍ ശ്രമിച്ച താജൂദ്ദീനെ കാത്തിരുന്നത് അവിടെയും ജയിലറയായിരുന്നു.
പത്തുകോടിയുടെ ബിസിനസ് തകര്‍ന്നു. ആരോഗ്യം ക്ഷയിച്ചു. താമസിച്ചിരുന്ന വീട് പോലും കടക്കാര്‍ക്ക് ഈടുനല്‍കേണ്ടിവന്നു. ഹൈക്കോടതി വിധിയില്‍ ആശ്വാസമുണ്ട്. അഭിഭാഷകനുമായി ആലോചിച്ചു കീഴ്ക്കോടതിയില്‍ നിയമ പോരാട്ടം തുടരാനാണ് തീരുമാനം. പൊലീസിന്റെ ഭാഗത്തുനിന്ന് ഇതുപോലൊരു നീതികേട് മറ്റൊരാള്‍ക്കുണ്ടാകാതിരിക്കണമെന്ന ഉറച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പോരാട്ടം തുടരുന്നത്.