കണ്ണൂര്‍ നഗരത്തില്‍ ഉദ്ഘാടനം ചെയ്യപ്പെടാതെ നോക്കുകുത്തികളായ രണ്ട് പാര്‍ക്കിങ് കോംപ്ലക്സുകള്‍ക്ക് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉദ്ഘാടനം. കേരളപ്പിറവി ദിനമായ നാളെ കോംപ്ലക്സ് ഉദ്ഘാടനം ചെയ്യുമെന്നാണ് യുഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷന്‍റെ പ്രഖ്യാപനം. കെടുകാര്യസ്ഥത കാരണമാണ് നേരത്തെ ഉദ്ഘാടനം നടത്താന്‍ ഭരണസമിതിയ്ക്ക് കഴിയാതിരുന്നതെന്നും ഇപ്പോഴത്തേത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നുമാണ് ഇടതുപക്ഷത്തിന്‍റെ വിമര്‍ശനം.
പന്ത്രണ്ടര കോടി രൂപ ചിലവിട്ട് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം പരിസരത്തും, ബാങ്ക് റോഡ് ജംഗ്ഷനു സമീപവും നിര്‍മിച്ച അത്യാധുനിക മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സമുച്ചയം. നൂറിലേറെ കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന സമുച്ചയം നിര്‍മിച്ചത് അമൃത് പദ്ധതിയില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ്.
നാലുവര്‍ഷത്തിലധികമായി പണി പൂര്‍ത്തിയായിട്ട്. രണ്ട് വര്‍ഷം മുമ്പ് ട്രയല്‍ റണ്‍ നടത്തി ഉദ്ഘാടനവും തീരുമാനിച്ചിരുന്നു, പക്ഷേ, നടന്നില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നോ നാളെയോ എന്ന മട്ടില്‍ നില്‍ക്കുമ്പോഴാണ് കേരളപ്പിറവി ദിനത്തില്‍ കണ്ണൂരിനുള്ള സമ്മാനമെന്ന് പറഞ്ഞ് ഇത്രനാളില്ലാത്ത പ്രഖ്യാപനം കോര്‍പ്പറേഷന്‍ നടത്തുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ലേ നീക്കമെന്ന് ചോദിക്കുമ്പോള്‍ അല്ലേയല്ലെന്ന് മറുപടി
കരാറുകാരാണ് പദ്ധതി നേരത്തെ യാഥാര്‍ഥ്യമാകാന്‍ പ്രശ്നമെങ്കില്‍ അത് പരിഹരിക്കേണ്ടത് കോര്‍പ്പറേഷന്‍ തന്നെയായിരുന്നുവെന്നും ജനങ്ങളെ ഇത്രകാലം ബുദ്ധിമുട്ടിച്ചെന്നുമാണ് എല്‍ഡിഎഫിന്‍റെ വിമര്‍ശനം. പൂനെ ആസ്ഥാനമായ അഡി സോഫ്റ്റ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡായിരുന്നു നിര്‍മാണമേറ്റെടുത്തത്. പദ്ധതി തുറന്നുകൊടുക്കുന്നതോടെ നഗരത്തിലെ പാര്‍ക്കിങ് കുരുക്കഴിക്കാനാകുമെന്നാണ് പ്രതീക്ഷ. നാളെ കെ. സുധാകരന്‍ എം.പിയാണ് ഉദ്ഘാടകന്‍