പയ്യന്നൂരിലെ വി.കുഞ്ഞിക്കൃഷ്ണനെതിരായ സിപിഎം പ്രതിഷേധത്തില്‍ പരോള്‍ പ്രതിയും. പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ ഡിവൈഎഫ്ഐ നേതാവും പയ്യന്നൂര്‍ നഗരസഭയില്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത വി.കെ.നിഷാദാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. പരോള്‍ ചട്ടം ലംഘിച്ചായിരുന്നു പ്രതിഷേധത്തിലെ സാന്നിധ്യം. അച്ഛന്‍റെ അനാരോഗ്യമെന്ന കാരണം പറഞ്ഞാണ് അടിയന്തര പരോള്‍ അനുവദിച്ചതും അത് 30 ദിവസം നീട്ടി നല്‍കിയതും. പ്രതിഷേധത്തില്‍ പങ്കെടുത്ത ശേഷം പരോള്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് രാത്രിയോടെ നിഷാദ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തിരിച്ചെത്തുകയും ചെയ്തു. നിഷാദ് സിപിഎം പ്രകടനത്തിൽ പങ്കെടുക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
അതേസമയം വി.കുഞ്ഞിക്കൃഷ്ണനെതിരായ സംഘടനാ നടപടി റിപ്പോർട്ട് ചെയ്യാൻ കണ്ണൂർ പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗം ഉച്ചയ്ക്കുശേഷം ചേരും . സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് നടപടി നേരിട്ടു റിപ്പോർട്ട് ചെയ്യും. അതേസമയം , പയ്യന്നൂരിൽ കുഞ്ഞികൃഷ്ണനെതിരായ പ്രതിഷേധവും തുടരുകയാണ്. പാർട്ടിയിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള കുഞ്ഞി കൃഷ്ണനെതിരായ നടപടി കീഴ് ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നതാണ് സംഘടനാരീതി. ഇതിന്‍റെ ഭാഗമായാണ് ജില്ലാ സെക്രട്ടറി നേരിട്ട് പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിന് എത്തുന്നത്. പയ്യന്നൂരിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. നടപടിയെ ഏരിയ കമ്മിറ്റി അംഗങ്ങൾ പിന്തുണയ്ക്കുമോ എന്നത് നിർണായകമാണ്. കുഞ്ഞികൃഷ്ണന് പരസ്യ പിന്തുണ അംഗങ്ങൾ നൽകാൻ സാധ്യതയില്ല. എന്നാൽ അംഗങ്ങളിൽ ഭൂരിപക്ഷം പേരും കുഞ്ഞികൃഷ്ണൻ അനുകൂലികൾ ആണെന്നാണ് വിവരം.
കുഞ്ഞിക്കൃഷ്ണന്‍റെ അനുകൂലിയായ പ്രസന്നന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് രാത്രിയിൽ അജ്ഞാതർ തീവച്ച് നശിപ്പിച്ചു. സിപിഎം പ്രവർത്തകരാണ് പിന്നിലെന്നാണ് സംശയം. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പാർട്ടി അനുഭാവികളായ ഒരു സംഘം ഇന്നലെ പ്രകടനം നടത്തിയിരുന്നു. ഈ കൂട്ടത്തിൽ പ്രസന്നനും ഉണ്ടായിരുന്നു. പയ്യന്നൂർ പൊലീസ് അന്വേഷണം തുടങ്ങി. കുഞ്ഞിക്കൃഷ്ണന് എതിരായ പ്രതിഷേധവും തുടരുകയാണ്. പയ്യന്നൂർ സൗത്ത് ലോക്കലിൽ സിപിഎം പ്രവർത്തകർ കുഞ്ഞിക്കൃഷ്ണന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.
കുഞ്ഞിക്കൃഷ്ണന്‍റെ വീടിനുമുന്നിൽ ഇന്നലെ വീണ്ടും സിപിഎം പ്രവർത്തകർ ഫ്ലക്സ് ബോർഡ് വച്ചു. അടിയന്തരാവസ്ഥക്കാലത്ത് വീട്ടിൽ ഒളിച്ചിരുന്ന വിപ്ലവ സിംഹം എന്ന പരിഹാസവും പാർട്ടിയെ എതിരാളികൾക്ക് കൊത്തി വലിക്കാൻ വിട്ടുകൊടുത്ത വർഗ്ഗ വഞ്ചകൻ എന്ന വിമർശനവും അടങ്ങുന്നതാണ് ഫ്ലക്സ് ബോർഡ്. കുഞ്ഞിക്കൃഷ്ണന്റെ വീടിന് പോലീസ് സുരക്ഷ തുടരുകയാണ്.