വി.കുഞ്ഞികൃഷ്ണനെതിരായ സംഘടനാ നടപടി കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്ത് സിപിഎം. പയ്യന്നൂർ ഏരിയയിലെ ലോക്കൽ കമ്മിറ്റികളിലാണ് നടപടി അറിയിച്ചത്. സംഘടന നടപടി റിപ്പോർട്ട് ചെയ്യാൻ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് നേരിട്ട് എത്തി. അതേസമയം, കുഞ്ഞികൃഷ്ണനെതിരായ പ്രതിഷേധത്തില്‍ പരോളിൽ ഇറങ്ങിയ സിപിഎം നേതാവ് വി.കെ. നിഷാദ് പങ്കെടുത്തത് വിവാദമായി.
പാർട്ടിയിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള കുഞ്ഞി കൃഷ്ണനെതിരായ നടപടി കീഴ് ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നതാണ് സംഘടന രീതി. പയ്യന്നൂർ ഏരിയയിലെ 5 ലോക്കൽ കമ്മിറ്റികളിലും പ്രത്യേകം യോഗം വിളിച്ചാണ് നടപടി റിപ്പോർട്ട് ചെയ്തത്. ലോക്കൽ കമ്മിറ്റികളിൽ ഭൂരിഭാഗവും കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവയാണ്.
അതേസമയം, കുഞ്ഞികൃഷ്ണന്റെ അനുകൂലിയായ പ്രസന്നന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് രാത്രിയിൽ അജ്ഞാതർ തീവച്ച് നശിപ്പിച്ചു. സിപിഎം പ്രവർത്തകരാണ് പിന്നിലെന്നാണ് സംശയം. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പാർട്ടി അനുഭാവികളായ ഒരു സംഘം ഇന്നലെ പ്രകടനം നടത്തിയിരുന്നു. ഈ കൂട്ടത്തിൽ പ്രസന്നനും ഉണ്ടായിരുന്നു. പയ്യന്നൂർ പൊലീസ് അന്വേഷണം തുടങ്ങി. കുഞ്ഞികൃഷ്ണന് എതിരായ പ്രതിഷേധവും തുടരുകയാണ്. പയ്യന്നൂർ സൗത്ത് ലോക്കലിൽ സിപിഎം പ്രവർത്തകർ കുഞ്ഞികൃഷ്ണന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.
അതിനിടെ, കുഞ്ഞികൃഷ്ണന്റെ വീടിനുമുന്നിൽ വീണ്ടും സിപിഎം പ്രവർത്തകർ ഫ്ലക്സ് ബോർഡ് വച്ചു. അടിയന്തരാവസ്ഥക്കാലത്ത് വീട്ടിൽ ഒളിച്ചിരുന്ന വിപ്ലവ സിംഹം എന്ന പരിഹാസവും പാർട്ടിയെ എതിരാളികൾക്ക് കൊത്തി വലിക്കാൻ വിട്ടുകൊടുത്ത വർഗ്ഗ വഞ്ചകൻ എന്ന വിമർശനവും അടങ്ങുന്നതാണ് ഫ്ലക്സ് ബോർഡ്. കുഞ്ഞികൃഷ്ണന്റെ വീടിന് പൊലീസ് സുരക്ഷ തുടരുകയാണ്. ഇതിനിടെയാണ് പയ്യന്നൂർ നഗരസഭയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച വി.കെ. നിഷാദ് പരോൾ ചട്ടം ലംഘിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തത്. അച്ഛൻറെ അനാരോഗ്യം പറഞ്ഞ് അടിയന്തര പരോളിൽ ഇറങ്ങിയ നിഷാദ് ഇന്നലെ വൈകിട്ട് നടന്ന പരിപാടിയിലാണ് പങ്കെടുത്തത്. പരോൾ ഇന്നലെ അവസാനിക്കുന്നതിനാൽ രാത്രിയോടെ ജയിലിൽ തിരിച്ചെത്തുകയും ചെയ്തു. ഇത്തരം പരിപാടികളിൽ പങ്കെടുക്കാനാണ് വഴിവിട്ട് പരോൾ നൽകിയതെന്ന് വിമർശനം കോൺഗ്രസ് ഉയർത്തുന്നുണ്ട്.