ഇരു വൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടി കണ്ണൂര്‍ ചെറുപുഴ സ്വദേശിയായ ടി.പി മനോജ്. ആഴ്ചയില്‍ മൂന്നുദിവസം ഡയാലിസിസ്‍ ചെയ്യുന്ന മനോജിന് പഴയജീവിതത്തിലേക്ക് മടങ്ങിവരാന്‍ വൃക്ക മാറ്റിവെയ്ക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല. ഭാരിച്ച ചിലവ് താങ്ങാനാകാതെ ചികില്‍സ വഴിമുട്ടിയ അവസ്ഥയിലാണ് മനോജും കുടുംബവും.
ചെറുപുഴ ആയന്നൂരിലെ മനോജ് പ്രാദേശിക മാധ്യമപ്രവര്‍ത്തകനായിരുന്നു. പ്രമേഹം ബാധിച്ചാണ് മനോജിന് വൃക്കകള്‍ തകരാറിലായത്. വൃക്കകളുടെ പ്രവര്‍ത്തനം താളം തെറ്റിയതോടെ ജോലി ചെയ്യാന്‍ കഴിയാതായി. രണ്ട് മക്കളില്‍ ഒരാള്‍ ജന്മനാ രോഗി. മറ്റൊരു മകന്‍റെ വരുമാനത്തില്‍ മാത്രമാണിപ്പോള്‍ ചികില്‍സയും വീട്ടുചിലവും. വൃക്കമാറ്റിവെയ്ക്കാന്‍ വേണ്ടത് 40 ലക്ഷം രൂപ. ഭാരിച്ച തുക കണ്ടെത്താനാകാതെ മനോജും കുടുംബവും പ്രതിസന്ധിയിലാണ്.
ആഴ്ചയില്‍ മൂന്നുദിവസത്തെ ഡയാലിസിസ് നടന്നുപോകുന്നതു തന്നെ പലരുടേയും സഹായത്തിലാണ്. മനോജിന്‍റെ ദുരവസ്ഥ കണ്ട് നാട്ടുകാര്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ചു. വൃക്ക മാറ്റിവെയ്ക്കലിന് പണം കണ്ടെത്താന്‍ നല്ല മനസുള്ളവര്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍ മനോജിനെ പുതുജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ശ്രമിയ്ക്കുന്നത്