കണ്ണൂർ ഇരിട്ടിയിൽ തോട്ടിലൂടെ ഒഴുകിയെത്തിയത് വൻതോതിൽ പത. നെല്ലിക്കാംപൊയിൽ ചെട്ടിയാർ പീടികയിലെ തോട്ടിലാണ് ഇന്നലെ വൈകിട്ട് പത പൊങ്ങിയത്. പരിശോധനയിൽ രാസ ലായനി തോട്ടിലൂടെ ഒഴുകിയതാണ് പ്രതിഭാസത്തിന് കാരണമെന്ന് കണ്ടെത്തി.
മനോഹരമായി ഒഴുകിയിരുന്ന തോട് വളരെ പെട്ടെന്നാണ് മറ്റൊരു മുഖം കാട്ടിയത്. സംഗതി എന്തെന്ന് പിടികിട്ടാതെ നാട്ടുകാർ അമ്പരന്നു. പരിഭ്രാന്തി പരന്നു. പഴശ്ശി ജലസംഭരണിയിൽ ചെന്നുചേരുന്ന ചെട്ടിയാർ പീടികയിലെ തോട്ടിൽ മുൻപെങ്ങും ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ടില്ല. കിലോമീറ്ററുകളോളം പത മാത്രമായിരുന്നു തോട്ടിൽ.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. പരിശോധനയിൽ പഴം പച്ചക്കറികൾ തുടങ്ങിയവയിലെ വിഷാംശം ഒഴിവാക്കുന്ന രാസ ലായനി വെള്ളത്തിൽ കലർന്നതാണ് പ്രതിഭാസത്തിന് കാരണമെന്ന് കണ്ടെത്തി. സോഡിയം ബൈകാർബണേറ്റ്, ഫാറ്റി ആൽക്കഹോൾ എഥലേറ്റ് എന്നിവയാണ് കലർന്നത്. ഇവ രണ്ട് ലിറ്ററോളം വെള്ളത്തിൽ കലർന്നിട്ടുണ്ടെന്നാണ് നിഗമനം. എന്നാൽ ആരാണ് തോട്ടിലെ വെള്ളത്തിൽ ലായനി കലർത്തിയതെന്ന് കണ്ടെത്താനായിട്ടില്ല. ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി