ആചാരങ്ങളിലെ വൈവിധ്യം കൊണ്ട് ശ്രേഷ്ഠമായ ദക്ഷിണ കാശി എന്നറിയപ്പെടുന്ന കണ്ണൂർ കൊട്ടിയൂർ ക്ഷേത്രോത്സവത്തിന് ഇന്ന് തുടക്കമാകും. വയനാട്ടിലെ മുതിരേരി കാവിൽ നിന്നും വാൾ എത്തിച്ച് മണിത്തറയിൽ ചോതി വിളക്ക് കൊളുത്തിയാണ് ഈ വർഷത്തെ ഉത്സവത്തിന് തുടക്കം കുറിക്കുക. 28 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് ലക്ഷക്കണക്കിന് ഭക്തരാവും എത്തിച്ചേരുക.
ഇനിയുള്ള നാളുകൾ ബാവലി മുറിച്ച് കടന്ന് മനുഷ്യരുടെ നീണ്ട നിര കൊട്ടിയൂരിലേക്ക് ഒഴുകിയെത്തും. ഐതിഹ്യങ്ങളും സങ്കൽപങ്ങളും ആചാരങ്ങളുമെല്ലാം സമം ചേർത്തുകെട്ടിയ പർണശാലയാണ് കൊട്ടിയൂർ പെരുമാളിന്റെ ക്ഷേത്രം. ഇടവത്തിലെ ചോതി മുതൽ മിഥുനത്തിലെ ചിത്തിര വരെയാണ് മൂന്നു മലകൾ ഗോപുരം കണക്കെ സംരക്ഷിക്കുന്ന കൊട്ടിയൂരിന്റെ ഉത്സവകാലം. മഹാദേവനെ അപമാനിക്കാൻ ശ്രമിച്ച സതിയുടെ പിതാവ് ദക്ഷൻ യാഗം നടത്തിയ സ്ഥലമാണിത്. സ്വയംഭൂവായി മണിത്തറയിൽ ശിവനും അമ്മാറക്കൽ തറയിൽ പാർവതി ദേവിയുടെ ചൈതന്യവും കുടികൊള്ളുന്നു. വൈശാഖോത്സവ സമയത്ത് മാത്രമേ ഭക്തർക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനമുള്ളു.
വയനാട്ടിലെ മുതിരേരി കാവിൽ നിന്നും വാൾ എത്തിച്ച് മണിത്തറയിൽ ചോതി വിളക്ക് കൊളുത്തി നെയ് അഭിഷേകം ചെയ്യുന്നതോടെ കൊട്ടിയൂർ പെരുമാളിന് നെയ്യാട്ടം. തിങ്കളാഴ്ച രാത്രിയിലെ ഭണ്ഡാരം എഴുന്നേള്ളിപ്പിന് ശേഷവും മകം നാളിലെ ഉച്ച ശീവേലിക്ക് മുൻപും മാത്രമേ സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശനമുള്ളു. വൈശാഖ മഹോത്സവത്തില്‍ പങ്കെടുത്ത് തിരിച്ച് പോകുന്നവര്‍ പ്രസാദമായി കൊണ്ടു പോകുന്നത് ഓടപ്പൂവാണ്. ഐശ്വര്യത്തിന്‍റെ പ്രതീകമായാണ് ഭക്തജനങ്ങള്‍ ഓടപ്പൂവിനെ കണക്കാക്കുന്നത്.