ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായ കണ്ണൂരിലെ മുഴപ്പിലങ്ങാട്ടേക്കെത്തുന്ന സഞ്ചാരികള്‍ ഗതാഗത കുരുക്കില്‍ പെട്ട് വലയുന്നു. ഇടുങ്ങിയ റോഡുകളും റെയില്‍വേ ഗേറ്റുമാണ് ദുരിതയാത്രയ്ക്ക് കാരണം. കുരുക്കഴിക്കാന്‍ റെയില്‍വേ മേല്‍പ്പാലം വേണമെന്ന് ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്
വണ്ടിയെടുത്ത് രണ്ട് റൗണ്ടടിക്കാന്‍ ആരും കൊതിക്കുന്ന വിശാലമായ കടപ്പുറം. ഇതര ജില്ലകളില്‍ നിന്ന് പോലും വാഹനങ്ങളെത്തുന്ന ജില്ലയിലെ പ്രധാനവിനോദ കേന്ദ്രം. ബീച്ചിനോട് ചേര്‍ന്ന് കിലോമീറ്ററുകളോളം നീളത്തില്‍ ആധുനിക രീതിയില്‍ നടപ്പാതയും ഉദ്യാനവും പണിതുകൊണ്ടിരിക്കുന്നു.
വികസനത്തിന്‍റെ പറുദീസ തന്നെ മുഴപ്പിലങ്ങാട്ട് വിരിയ്ക്കുമ്പോള്‍ മറുവശത്ത് സ്ഥിതി ദയനീയം. മാഹി ബൈപ്പാസിന് താഴ്വശത്തെ കുളംബസാര്‍.. മുഴപ്പിലങ്ങാട്ടേക്ക് സഞ്ചാരികളേറെ എത്തുന്നത് ഈ വഴിയാണ്.
റെയില്‍വേ ഗേറ്റ് തുറന്നുകിടന്നാലും കുരുക്കഴിയാത്ത കുളംബസാറില്‍, ഗേറ്റടച്ചാല്‍ പിന്നെ പറയണ്ട. റെയില്‍വേ മേല്‍പ്പാലം പണിയുമെന്ന് പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളായിട്ടും പ്രാരംഭ നടപടികള്‍ പോലും ഇതുവരെയുണ്ടായിട്ടില്ല.
കുളംബസാറിന് പുറമെ, എടക്കാട് ടൗണ്‍ മുഴപ്പിലങ്ങാട് മഠം, യൂത്ത് എന്നിവിടങ്ങളിലായി നാലുറോഡുകളുണ്ട്. എല്ലായിടത്തും ഡ്രൈവിങ് കടുകട്ടി തന്നെ. ലോകോത്തര നിലവാരമുള്ള ബീച്ചുപോലെ നല്ല റോഡും ഈ നാടിന് ആവശ്യമുണ്ട്.