കോഴിക്കോട് പൂളക്കടവ് പാർക്ക് ജനങ്ങൾക്ക് ഭീഷണിയാകുന്നു. ഉണങ്ങി വീഴാറായ പടുകൂറ്റൻ മരം കാരണം പാർക്ക് താൽക്കാലികമായി പൂട്ടിയിരിക്കുകയാണ്. എന്നാൽ, അപകടകരമായ മരം മുറിച്ചുമാറ്റാൻ കോർപ്പറേഷൻ ഇതുവരെ തയ്യാറായിട്ടില്ല.
നാട്ടുകാരുടെ ഒത്തുചേരൽ കേന്ദ്രമായിരുന്ന പൂളക്കടവ് പാർക്ക്. എന്നാൽ ഇപ്പോൾ പാർക്കിലെ മരം വലിയ ഭീതിയാണ് വിതയ്ക്കുന്നത്. പരാതികൾ ഉയർന്നതോടെ കോർപ്പറേഷൻ പാർക്ക് പൂട്ടിയെങ്കിലും പരിഹാരമായി ഒന്നും ചെയ്തിട്ടില്ല. പാർക്കിനോട് ചേർന്ന് അങ്കണവാടിയും നൂറിലധികം പേർ എത്തുന്ന പകൽവീടുമുള്ളത് ആശങ്ക ഇരട്ടിയാക്കുന്നു.
മരത്തിന്റെ വലിയൊരു ഭാഗം ഒടിഞ്ഞുവീണ് പാർക്കിലെ കെട്ടിടം ഇതിനകം തകർന്നിട്ടുണ്ട്. ബാക്കി ഭാഗങ്ങൾ സമീപത്തെ വൈദ്യുതി പോസ്റ്റിനു മുകളിലേക്ക് പതിക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ. മരം മാത്രമല്ല, പാർക്കിലെ കുട്ടികളുടെ കളിയുപകരണങ്ങൾ പലതും തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലുമാണ്. അപകടഭീഷണി കോർപ്പറേഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.