കോഴിക്കോട് നഗരത്തിൽ കാലപ്പഴക്കം ചെന്ന കോർപ്പറേഷൻ കെട്ടിടങ്ങൾ വൻ അപകടഭീഷണി ഉയർത്തുന്നു. നിരവധി കെട്ടിടങ്ങൾ തകർച്ചാഭീഷണിയിലായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്ന പശ്ചാത്തലത്തിൽ, ഈ വിഷയം ഇന്ന് ചേരുന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ശക്തമായി ഉന്നയിക്കും.

വലിയങ്ങാടിയിൽ അനാസ്ഥമൂലം നാലുപേരുടെ ജീവൻ നഷ്ടപ്പെട്ടിട്ട് അധികകാലമായിട്ടില്ല. എന്നിട്ടും കോർപ്പറേഷൻ ഇതിൽനിന്ന് പാഠം ഉൾക്കൊണ്ടിട്ടില്ലെന്ന വിമർശനമാണ് ഉയരുന്നത്. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കേശവമേനോൻ റോഡിലെ ത്രിവേണി കെട്ടിടം, വലിയങ്ങാടിയിലെ പഴയ പാസ്‌പോർട്ട് ഓഫീസ്, വെസ്റ്റ് ഹില്ലിലെ ആരോഗ്യ വിഭാഗം കെട്ടിടം, ചെറൂട്ടി റോഡ്, പുതിയറ എന്നിവിടങ്ങളിലെ കെട്ടിടങ്ങൾ, കാരപ്പറമ്പിലെയും പുതിയങ്ങാടിയിലെയും മാർക്കറ്റുകൾ എന്നിവ എപ്പോൾ വേണമെങ്കിലും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. 

കെട്ടിടങ്ങളുടെ സുരക്ഷയെക്കുറിച്ച് പഠനം നടത്തിയ എൻ.ഐ.ടി. സംഘം, രണ്ടു കെട്ടിടങ്ങൾ അടിയന്തരമായി പൊളിച്ചുനീക്കണമെന്ന് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും തുടർന്നുള്ള നടപടികൾ ഒന്നുമായില്ല. റെയിൽവേ സ്റ്റേഷനിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ക്ലോക്ക് ടവർ തകർന്ന പശ്ചാത്തലത്തിൽ, ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ ഈ വിഷയം വീണ്ടും ചൂടേറിയ ചർച്ചയാകും.

ENGLISH SUMMARY:

Old corporation buildings in Kozhikode city pose a significant danger. Despite many buildings being on the verge of collapse, authorities are accused of inaction. Following the recent collapse of the railway station's clock tower, this issue will be strongly raised by the opposition in today's corporation council meeting.