കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു. ഇവയെ നശിപ്പിക്കാനോ നിയന്ത്രിക്കാനോ കഴിയാതെ നാട്ടുകാർ ഏറെ ബുദ്ധിമുട്ടിലാണ്. കൃഷിയിടങ്ങളിലെ വിളകൾ കൂട്ടത്തോടെ നശിപ്പിക്കുന്നത് കർഷകർക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്.
മഴ തുടങ്ങിയതോടെയാണ് ഒച്ചുകൾ വീണ്ടും വ്യാപകമായത്. വീടുകളുടെ ഭിത്തി, മതിലുകൾ, കിണറുകൾ, അടുക്കള എന്നിങ്ങനെ എല്ലായിടത്തും ഇവയുടെ സാന്നിധ്യമുണ്ട്. വീടിനുള്ളിലേക്കും പാത്രങ്ങളിലേക്കും വരെ ഒച്ചുകൾ കടന്നുകയറുന്നു. പച്ചക്കറികളും ചെടികളും ഇവ നശിപ്പിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി ഈ ദുരിതം തുടരുകയാണ്.
കട്ടിയുള്ള തോടുള്ളതിനാൽ ഇവയെ നശിപ്പിക്കാൻ പ്രയാസമാണ്. ഉപ്പുവെള്ളം നിറച്ച പാത്രത്തിലിട്ട് കൊല്ലുന്ന രീതി ചിലയിടങ്ങളിൽ പരീക്ഷിക്കുന്നുണ്ടെങ്കിലും, അതൊരു താൽക്കാലിക പരിഹാരം മാത്രമാണ്. ഒച്ചുകളെ കൂട്ടത്തോടെ നശിപ്പിക്കാൻ നിലവിൽ പ്രായോഗികമായ മാർഗങ്ങളില്ല.
കടുത്തുരുത്തി പഞ്ചായത്തിലെ എത്തക്കുഴി, കപിക്കാട് പ്രദേശങ്ങളിലും മണർകാട്, പള്ളിക്കത്തോട് പഞ്ചായത്തുകളിലും ഒച്ചുകൾ വ്യാപകമാണ്. ഇപ്പോൾ വാഴൂർ, ചിറക്കടവ് പഞ്ചായത്തുകളിലും ശല്യം രൂക്ഷമായിട്ടുണ്ട്. ആഫ്രിക്കൻ ഒച്ചുകളെ ശാസ്ത്രീയമായി നശിപ്പിക്കാനുള്ള മാർഗങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.