അപകടഭീഷണി വർധിച്ചതിനെത്തുടർന്ന് എറണാകുളം ചെറായി ബീച്ചിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. നടപ്പാതയിൽ പേരിനൊരു കയർ കെട്ടിയിട്ടുണ്ടെന്നല്ലാതെ, വലിയൊരു അപായക്കെണിയായി മാറിയിരിക്കുന്ന ഇവിടെ സുരക്ഷയ്ക്കായി മറ്റ് പ്രതിരോധ നടപടികളൊന്നുമില്ല. കേരളത്തിലെ മികച്ച ബീച്ചുകളിലൊന്ന് അനാസ്ഥ മൂലം നാശത്തിന്റെ വക്കിലാണിപ്പോൾ.

കടൽക്ഷോഭം രൂക്ഷമാവുകയും ബീച്ചിന്റെ പല ഭാഗങ്ങളും തകർന്ന് അപകടഭീഷണി ഉയരുകയും ചെയ്തതോടെയാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രവേശനം നിരോധിച്ചത്. കനത്ത തിരയടിയിൽ അടിയിലെ മണലും കല്ലുകളും ഒലിച്ചുപോയതോടെ നടപ്പാതയ്ക്ക് ബലക്ഷയമുണ്ടായി. എല്ലാ കാലവർഷത്തിലും നടപ്പാതയ്ക്ക് ശോഷണം സംഭവിക്കാറുണ്ടെങ്കിലും, ഇത്തവണ അത് അതിരൂക്ഷമാണ്. പലയിടത്തും നടപ്പാത ഇടിഞ്ഞുതാഴ്ന്ന നിലയിലുമാണ്.

ഒരു മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതൊഴിച്ചാൽ, ഇവിടെ സുരക്ഷാ സംവിധാനങ്ങളൊന്നും തന്നെയില്ല. തീരം നഷ്ടപ്പെടുന്നത് തടയാൻ പുലിമുട്ടുകൾ നിർമിക്കണമെന്ന കാലങ്ങളായുള്ള ആവശ്യം അധികൃതർ അവഗണിക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ നടപ്പാത, കത്താത്ത വഴിവിളക്കുകൾ, പ്രവർത്തനരഹിതമായ സിസിടിവി ക്യാമറകൾ എന്നിവ ബീച്ചിന്റെ ശോച്യാവസ്ഥ വ്യക്തമാക്കുന്നു. മാലിന്യ സംസ്കരണ സംവിധാനമില്ലാത്തത് തെരുനായ ശല്യം വർധിപ്പിച്ചിരിക്കുകയാണ്. നടപ്പാതയോടു ചേർന്നുള്ള പാർക്കിങ് സ്ഥലത്താകട്ടെ രൂക്ഷമായ വെള്ളക്കെട്ടും ദുരിതമാവുകയാണ്.

ENGLISH SUMMARY:

Cherai Beach access has been restricted due to increased accident threats, marking a significant closure for one of Kerala's prime tourist spots. This decision by the District Disaster Management Authority highlights the severe beach erosion and safety concerns that have rendered the popular destination a potential hazard.