കോഴിക്കോട് ബേപ്പൂരിലുണ്ടൊരു വവ്വാല്‍കോട്ട. ഭാർഗവീനിലയമെന്നാണ് ഈ പഴഞ്ചൻ കെട്ടിടത്തിന്‍റെ വിളിപ്പേര്. നിപ ബാധയുടെ ആശങ്കകള്‍ക്കിടെ ഈ കെട്ടിടം നാട്ടുകാര്‍ക്കിന്നൊരു പേടിസ്വപ്നമാണ്.
കോഴിക്കോട് ചങ്ങരോത്തും പരിസരത്തും ഭീതിപടർത്തി നിപ റിപ്പോർട്ട് ചെയ്തത് 2018ൽ. പഴംതീനി വവ്വാലുകളാണ് നിപ പരത്തുന്നതെങ്കിലും വവ്വാലുകളെന്നുകേൾക്കുമ്പോഴേ എല്ലാവര്‍ക്കും പേടി. ഇക്കുറിയും നിപ സ്ഥിരീകരിച്ചതോടെ, കോഴിക്കോട് ബേപ്പൂരും ഭീതിയിലാണ്. അതിന് കാരണമാകട്ടെ ഈ കെട്ടിടവും. കോഴിക്കോട് ബി.സി റോഡ് മിനി സ്റ്റേഡിയത്തിന് സമീപമാണ് ഈ വവ്വാൽക്കോട്ട. പേടികൊണ്ടുളള വിളിപ്പേര് ഭാർഗ്ഗവി നിലയം. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പൂട്ടിപ്പോയതോടെ ആർക്കുംവേണ്ടാത്ത കെട്ടിടത്തിൽ പാമ്പും നരിച്ചീറുമെല്ലാം താവളംകണ്ടെത്തി. പകൽപോലുംഇതുവഴി കടന്നുപോകാൻ പലര്‍ക്കും പേടി. രാത്രി കൂട്ടത്തോടെ പുറത്തിറങ്ങുന്ന വവ്വാലുകളുടെ വിസർജ്യങ്ങൾ സമീപത്തെ കുടിവെളള സ്രോതസ്സുകളെ മലിനമാക്കുന്നെന്നാണ് പരാതി.
കെട്ടിടം പൊളിച്ചുനീക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇതെല്ലാം കേട്ട് വവ്വാലുകളെ കൊന്നൊടുക്കാൻ ആരും തുനിയരുത്. അത്തരം ശ്രമങ്ങള്‍ നിപ പടര്‍ന്നുപിടിക്കാനുള്ള സാധ്യത കൂട്ടുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.