റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള കോർപ്പറേഷന്റെ കുറുക്കുവഴിയിൽ പകർച്ചവ്യാധി ഭീഷണിയിലായിരിക്കുകയാണ് കോഴിക്കോട് ബീച്ചിലെ ഫുഡ് സ്ട്രീറ്റ്. വെള്ളം പടിക്കെട്ട് പൊളിച്ച് ഫുഡ് സ്ട്രീറ്റിലേയ്ക്കൊഴുകി എത്തുകയാണ്. എലികൾ നീന്തിക്കളിക്കുന്ന വെള്ളത്തിൽ നിന്നാണ് വിനോദസഞ്ചാരികൾ ഭക്ഷണം കഴിക്കുന്നത്.

തോരാമഴയിലെ തണുപ്പകറ്റാൻ ചൂടുചായയും കല്ലുമ്മക്കായ നിറച്ചതും കഴിക്കാനാശിച്ച് ബീച്ചിലേയ്ക്കിറങ്ങുമ്പോൾ ഇനി ഒരിക്കല്‍ക്കൂടി ആലോചിക്കേണ്ട അവസ്ഥ. വിഭവങ്ങൾക്കൊപ്പം എലിപ്പനി അടക്കമുള്ള പകർച്ചവ്യാധികളും വിളമ്പിവെച്ചിട്ടുണ്ട് കോർപ്പറേഷനും ഫുഡ് സ്ട്രീറ്റിന്റെ ഉടമകളായ ഡി.ടി.പി.സിയും.

ഭംഗി മാത്രം നോക്കി ഫുഡ് സ്ട്രീറ്റ് ഒരുക്കിയപ്പോൾ റോഡിലെ മഴവെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാതായി. മഴ കനത്തതോടെ കോർപ്പറേഷൻ ഒരുപായം കണ്ടെത്തി. എന്താണെന്നല്ലേ, മതിൽ കുത്തിപ്പൊളിച്ച് വെള്ളം നേരെ ഫുഡ് സ്ട്രീറ്റിലേയ്ക്ക് ഒഴുക്കി.

ഇതോടെ 12 കടകളാണ് പൂട്ടിയത്. ഫുഡ് സ്ട്രീറ്റിലാകെ മലിനജലം കെട്ടിക്കിടക്കുന്നതിനാൽ വ്യാപാരികളും സന്ദർശകരും ഒരുപോലെ ആശങ്കയിലാണ്. പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.

ENGLISH SUMMARY:

Kozhikode food street faces infectious disease threats due to a Corporation's shortcut to manage waterlogging. Water is now flowing into the food street, creating a hazardous environment where rodents swim and visitors are served food amid contaminated water, raising serious public health concerns.