വ്യാജ പോക്സോ കേസില്‍ പ്രതിയാക്കപ്പെട്ട കുടുംബനാഥനെ കോടതി വെറുതെ വിട്ടു. പത്തുവയസുകാരി തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയെന്ന കോഴിക്കോട് ബാലുശേരി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ കുടുംബനാഥനെയാണ് കൊയിലാണ്ടി കോടതി വെറുതെ വിട്ടത്. വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനം നടന്നുവെന്നു കണ്ടെത്താനാവാത്തതിനെ തുടര്‍ന്നാണ് കോടതി നടപടി.

കൊയിലാണ്ടിയിലെ അഭിഭാഷക ഓഫിസിലിരുന്നു ബാലുശേരി പൂനോത്തുകാരനായ ഇ.കെ. മമ്മദ് കൊച്ചുകുട്ടിയെ പോലെ പൊട്ടിക്കരഞ്ഞു. നാലര വര്‍ഷം അയാള്‍ അത്രക്കും അനുഭവിച്ചിട്ടുണ്ട്. 2022 മാര്‍ച്ച് 31നാണ് മമ്മദിനെ ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തൊട്ടടുത്ത വീട്ടിലെ പത്തുവയസുകാരിയെ തുടര്‍ച്ചായി ലൈംഗിക പീഡനത്തിനിരയാക്കിയെന്നായിരുന്നു കേസ്. 82 ദിവസമാണ് ജയിലില്‍ കിടന്നത്. പിന്നീട് ജാമ്യം കിട്ടിയെങ്കിലും സ്വന്തം വീട്ടില്‍ പോകാനായില്ല.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി തന്നെ വിശ്വസനീയമല്ലെന്ന് കണ്ടെത്തിയാണ് കേസ്  തള്ളിയത്. മുത്തശ്ശിഎഴുതികൊടുത്ത പരാതിയില്‍ ഒപ്പിടുക മാത്രമേ ചെയ്തൊള്ളൂവെന്നയാരുന്നു പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞത്.  വൈദ്യപരിശോധനയില്‍ പീഡനം നടന്നുവെന്ന് കണ്ടെത്താനുമായില്ല. പീഡനസമയത്ത് പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ നിന്നു പുരുഷ ബീജം കണ്ടെത്തിയില്ലെന്ന ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടും നിര്‍ണായകമായി. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അടുപ്പമുള്ള പൊലീസുകാരിയാണ് കേസിന് പിന്നിലെന്നാണു മമ്മദ് ആരോപിക്കുന്നത്.

ENGLISH SUMMARY:

A family head was acquitted in a fake POCSO case after being falsely accused of sexually assaulting a 10-year-old girl. The Koyilandy court's decision came after medical examinations and forensic reports failed to corroborate the allegations, highlighting the devastating impact of false accusations.