ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ കീഴിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാഴികള്‍ക്ക് വേതനം കിട്ടിയിട്ട് മൂന്നുമാസം. കോഴിക്കോട് മാത്രം 44 താല്‍ക്കാലിക തൊഴിലാളികളാണുള്ളത്. ആകെ കിട്ടുന്ന തുച്ഛമായ ശമ്പളം പോലും നിഷേധിച്ചതോടെ ഓണത്തിന് എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഇവര്‍. 

ഒരു ദിവസം കിട്ടുന്നത് 450 രൂപ. പ്രതിമാസം 13500 രൂപ മാത്രം. ഇതാണ് മൂന്ന് മാസമായി മുടങ്ങികിടക്കുന്നത്. കോഴിക്കോട്, ബേപ്പൂര്‍, കാപ്പാട് എന്നിവിടങ്ങളിലായുള്ള ഒന്‍പത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് താല്‍ക്കാലിക ശുചീകരണത്തൊഴിലാളികളുള്ളത്. രാവിലെ 7 മണി മുതല്‍ ഒരു മണിവരെയാണ് ജോലി സമയം. യാത്ര ചെലവോ, ചികിത്സ സഹായങ്ങളോ, മറ്റ് ആനുകൂല്യങ്ങളോ ഇവര്‍ക്കില്ല. 23 വര്‍ഷമായി ജോലിചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. 

കുടുംബശ്രീ വഴിയാണ്  തൊഴിലാളികളെ നിയമിച്ചത്. അഞ്ചു മാസത്തെ കുടിശികയില്‍ രണ്ടു മാസത്തെ  ശമ്പളം ഡിടിപിസി ചെയര്‍മാന്‍ കൂടിയായ കളക്റുടെ ഇടപെടലിലാണ്  കഴിഞ്ഞിടെ കിട്ടിയത്.  ഫണ്ട് പാസായിട്ടുണ്ടെന്നും കുടിശികയുള്‍പ്പടെ  ഉടന്‍ വിതരണം ചെയ്യുമെന്നും ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 

ENGLISH SUMMARY:

Unpaid wages for cleaning workers under the Tourism Promotion Council are causing severe hardship, especially with Onam approaching. In Kozhikode alone, 44 temporary workers have not received their meager salaries for three months, impacting their ability to celebrate.