ജല ലഭ്യത കുറഞ്ഞതോടെ പാലക്കാട് കപ്പൂർ പഞ്ചായത്തിലെ പള്ളങ്ങാട്ട് ചിറ പാടശേഖരത്തിൽ കൃഷി പ്രതിസന്ധിയിൽ. പാടശേഖരത്തിലൂടെ കടന്നുപോകുന്ന തോടിൻ്റെ ആഴംകൂട്ടി സംരക്ഷിക്കണമെന്ന ആവശ്യവുമായി കർഷകർ രംഗത്തുവന്നു.
25 വർഷങ്ങൾക്ക് മുൻപാണ് കപ്പൂർ പഞ്ചായത്തിലെ ഈ തോട് അവസാനമായി നവീകരിച്ചത്. തോടിന്റെ ഇരുഭാഗങ്ങളും മുൻപ് കരിങ്കൽ കെട്ടി സംരക്ഷിച്ചിരുന്നെങ്കിലും നിലവിൽ ഭൂരിഭാഗം സ്ഥലങ്ങളിലും വശങ്ങൾ ഇടിഞ്ഞുപോയ അവസ്ഥയിലാണ്. വിരിപ്പ്, മുണ്ടകൻ, പുഞ്ച കൃഷികൾക്ക് പുറമെ സമൃദ്ധമായി പച്ചക്കറി കൃഷിയും നടന്നിരുന്ന മേഖലയാണിത്. ഇന്ന് വെള്ളം ലഭിക്കാത്തതിനാൽ കർഷകർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
തോട് ആഴം കൂട്ടി ചിറകെട്ടി സംരക്ഷിച്ചാൽ മാത്രമേ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കൂ. പ്രദേശത്ത് 160 എക്കോറോളം സ്ഥലത്ത് നെൽകൃഷി ചെയ്തുവരുന്നുണ്ട്. പള്ളങ്ങാട്ട് ചിറ റിംഗ് റോഡിന് സമീപത്തെ പൊതു കുളമായ പാലക്കുളം അടിയന്തരമായി നവീകരിക്കണമെന്ന ആവശ്യവും കർഷകർ മുന്നോട്ടുവെക്കുന്നു.