നവീകരിച്ച മാനാഞ്ചിറ - മലാപ്പറമ്പ് റോഡിന്‍റെ ഉദ്ഘാടനം ഇന്ന് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. 76.90 കോടി ചിലവഴിച്ച് നവീകരിച്ച റോഡിന്‍റെ ടാറിങും ഓവു ചാലിന്‍റെ പണികളുമാണ് പൂര്‍ത്തിയായത്. നവീകരണം ആവശ്യപ്പെട്ടുള്ള ആക്ഷന്‍ കമ്മിറ്റിയുടെ ഒരു പതിറ്റാണ്ട് കാലത്തെ സമര പോരാട്ടങ്ങളുടെ ഫലം കൂടിയാണ് റോഡ്. 

8.34 കിലോമീറ്റര്‍ ദൂരമുള്ള മാനാഞ്ചിറ - വെള്ളിമാട്കുന്ന് റോഡിന്‍റെ മലാപ്പറമ്പ് വരെയുള്ള 5.32 കിലോ മീറ്റര്‍ ആണ് ആദ്യ ഘട്ടത്തില്‍ നവീകരിച്ചത്. ഓരോ വശത്തേക്കും രണ്ടുവരി വീതം നാലുവരി പാതയുടെ ഇരു വശങ്ങളിലും നടപ്പാതയും നടുവില്‍ മീഡിയനും ഉള്‍പ്പെടുത്തിയാണ് നവീകരണം. ഓവു ചാലുകള്‍ക്ക് ഒപ്പം ഇരു വശങ്ങളിലും കേബിളുകള്‍ക്കായി പ്രത്യേക യൂട്ടിലിറ്റി ഡക്റ്റുമുണ്ട്. നഗരപാത വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2008ല്‍ ആണ് റോഡ് വികസനം പ്രഖ്യാപിച്ചത്. പണി തുടങ്ങാത്തതിനാല്‍ 2012ല്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരം ആരംഭിച്ചു. വയനാട് റോഡിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാണ് റോഡ് നവീകരണമെന്നും,  വെള്ളിമാട് കുന്ന് വരെയുള്ള റോഡ് വികസനം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. 

ഒന്‍പത് സിഗ്നലുകളില്‍ പുതിയ പാതയിലുണ്ടാകും. മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡിന്‍റെ നിര്‍മ്മാണ ചിലവിനായി 127.39 കോടിയും ഭൂമി ഏറ്റെടുക്കലിനായി 344.50 കോടി രൂപയുമാണ് ചിലവ്. അടുത്ത ഘട്ടമായി മലാപ്പറമ്പ് - വെള്ളിമാട് കുന്ന് റീച്ചിന്‍റെ പ്രവൃത്തികള്‍ കൂടി ആരംഭിക്കും. 

ENGLISH SUMMARY:

The Mananchira Malaparamba Road renovation is being inaugurated today by Minister Muhammad Riyas. This significant infrastructure upgrade, costing ₹76.90 crore, includes completed tarring and drainage work.