കോഴിക്കോട് വിലങ്ങാടിനെ തകർത്ത ഉരുൾപൊട്ടൽ ദുരന്തത്തിന് രണ്ട് വർഷം പിന്നിടുമ്പോഴും പ്രദേശത്തിന്റെ സമഗ്ര പുനരധിവാസം ഇപ്പോഴും യാഥാർഥ്യമായിട്ടില്ല. റോഡുകളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണം പോലും പൂർത്തിയായിട്ടില്ലെന്ന പരാതിയാണ് നാട്ടുകാർ ഉയർത്തുന്നത്. 2024 ജൂലൈ 30-ന് പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ കൂറ്റൻ പാറക്കല്ലുകളും വൻമരങ്ങളും മലവെള്ളത്തിനൊപ്പം ഒഴുകിയെത്തി പ്രദേശത്തെ വൻ ദുരന്തത്തിലാഴ്ത്തുകയായിരുന്നു. നിരവധി കുടുംബങ്ങളുടെ ജീവിതസമ്പാദ്യവും സ്വപ്നങ്ങളും ഒറ്റനിമിഷം തകർന്നു.
ദുരന്തത്തിൽ മരിച്ച വിരമിച്ച ഹെഡ്മാസ്റ്റർ കെ.എ. മാത്യുവിന്റെ കുടുംബത്തിനും വീടുകൾ നഷ്ടമായവർക്ക് ധനസഹായം നൽകിയതൊഴിച്ചാൽ കാര്യമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. തകർന്ന നാല് പാലങ്ങളുടെയും വിലങ്ങാട് അങ്ങാടിയിലെ റോഡുകളുടെയും നിർമ്മാണം ഇപ്പോഴും പാതിവഴിയിലാണ്. വിലങ്ങാട് ടൗൺ പാലത്തിന് സമീപത്തെ വാണിമേൽ പഞ്ചായത്തിന്റെ ബസ് കാത്തിരിപ്പുകേന്ദ്രം പോലും ഇതുവരെ പുനർനിർമിച്ചിട്ടില്ല. പുഴയോര സംരക്ഷണഭിത്തികളുടെ നിർമാണവും മന്ദഗതിയിലാണ്.
ടൗൺ പാലത്തിന്റെ എസ്റ്റിമേറ്റും ഡിസൈനും തയ്യാറായിട്ടുണ്ടെങ്കിലും നിർമ്മാണത്തിനുള്ള പ്രാരംഭ നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. മലയോര ഹൈവേ കടന്നുപോകുന്ന വിലങ്ങാട് അങ്ങാടിക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.